KeralaLatest

മൂന്നാംഘട്ട വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാല്, കോഴിക്കോട്, കോട്ടയം രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം ഒന്നു വീതം കേസുകളുമാണുണ്ടായത്. 8 പേർക്ക് രോഗം ഭേദമായി. കാസര്‍കോട് 6, മലപ്പുറം, കണ്ണൂർ 1 വീതം കേസുകൾ നെഗറ്റീവ് ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 10 പേരില്‍ നാല് പേർ അയൽ സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. 2 പേർ വിദേശത്തു നിന്നെത്തി. സമ്പർക്കം വഴി നാലു പേർക്കും രോഗം ബാധിച്ചു. 447 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 129 പേര്‍ ഇപ്പോൾ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു. 23876 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 23439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലുമാണ്. ഇന്ന് 148 പേര്‍ ആശുപത്രിയിലെത്തി. ഇതുവരെ 21334 സാംപിളുകൾ പരിശോധിച്ചു. 20326 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിൽ തുടരും. കണ്ണൂരിൽ നിരീക്ഷണത്തിൽ 2592 പേർ ഉണ്ട്. കാസർകോട് 3126 പേര്‍ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് 2770, മലപ്പുറം 2465 എന്നിങ്ങനെയും ആൾക്കാർ നിരീക്ഷണത്തിലാണ്. ഈ നാലു ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളും ഓറഞ്ച് സോണിലാകും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും ഇപ്പോഴുള്ള പോലെ കർശന നിയന്ത്രണങ്ങൾ തുടരും.

നേരത്തേ പോസിറ്റീവ് കേസുകളില്ലാതിരുന്നതിനാൽ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽപെടുത്തി ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ ഇന്ന് ഇവിടങ്ങളിൽ പുതിയ കേസുകളുണ്ട്. അതുകൊണ്ടുതന്നെ അവരെ ഗ്രീന്‍ സോണുകളിൽനിന്ന് മാറ്റി ഓറഞ്ച് സോണിലേക്കു മാറ്റി. ഓറഞ്ച് മേഖലയിലെ പത്ത് ജില്ലകളിൽ ഹോട്സ്പോട്ടായ പഞ്ചായത്തുകൾ അടച്ചിടും. എന്നാൽ മുനിസിപ്പാലിറ്റി അതിർത്തിയിലാണെങ്കിൽ വാർഡുകളും കോർപറേഷനുകളിൽ ഡിവിഷനുകളും അടച്ചിടും.

ഏതൊക്കെ പ്രദേശങ്ങളാണ് ഹോട്സ്പോട്ടായി വരികയെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കും. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെയും കോട്ടയം മെഡിക്കൽ കോളജിലെയും കോവിഡ് ലാബിന് ഐസിഎംആർ അംഗീകാരം ലഭിച്ചു. കണ്ണൂരിലെ കോവിഡ് ലാബിൽ നാളെ മുതൽ കോവിഡ് പരിശോധന ആരംഭിക്കും. നാല് റിയൽ ടൈം പിസിആർ യന്ത്രങ്ങൾ ഇവിടെയുണ്ട്. ആദ്യ ഘട്ടത്തിൽ 15ഉം പിന്നീട് 60 വരെയും പരിശോധന ദിവസേന നടത്താൻ സാധിക്കും. ഇതോടെ കേരളത്തിൽ 14 സർക്കാർ ലാബുകളിലാണ് കോവിഡ് പരിശോധന നടത്തുന്നത്. 2 സ്വകാര്യ ലാബുകളിലും പരിശോധന നടക്കുന്നുണ്ട്.

കോവി‍ഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ 10 റിയൽ ടൈം പിസിആര്‍ യന്ത്രങ്ങൾ വാങ്ങാനാണ് സർക്കാർ അനുമതി. എന്നാൽ ഒരു പ്രത്യേകത മൂന്നാം ഘട്ടം സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് അനുമാനിക്കാവുന്നത്. സാമൂഹ്യ വ്യാപനം ഇല്ല. എന്നാൽ അതിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. തമിഴ്നാട്, കർണാടക അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകൾ ഇരുവശത്തേക്കും കടക്കുന്നത് തടയാൻ നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള അത്യാവശ്യ യാത്രകൾക്കായി ജില്ല കടക്കുന്നതിന് പൊലീസ് ആസ്ഥാനത്തുനിന്നു ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫിസുകളില്‍നിന്നും എമർജൻസി പാസ് വാങ്ങണം. കളിയിക്കാവിളയിൽ നിന്ന് അതിർത്തി കടന്നെത്തിയ തമിഴ്നാട് സര്‍ക്കാർ സർവീസിലെ ഡോക്ടറെയും അവരെ അതിർത്തി കടക്കാൻ സഹായിച്ച ഡോക്ടറായ ഭർത്താവിനെയും ക്വാറന്റീൻ ക്വാറന്റീൻ ചെയ്തു. രണ്ടു പേർക്കുമെതിരെ കേസെടുത്തു.

വാഹനങ്ങളിൽ അതിർത്തി കടക്കാൻ ശ്രമിച്ചതിന് കൊല്ലം ജില്ലയിലെ തെന്മല പൊലീസ് സ്റ്റേഷനിൽ നാല് കേസുകൾ റജിസ്റ്റർ ചെയ്തു. 5 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. കേന്ദ്രീയ വിദ്യാലയം അധ്യാപിക വയനാട് അതിർത്തിയിലൂടെ കർണാടകയിൽ പ്രവേശിച്ച സംഭവത്തിൽ വൈത്തിരി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. നിലവിൽ അന്തർ സംസ്ഥാന യാത്ര അനുവദിക്കില്ല. പലർക്കും ആവശ്യമുണ്ട്. പക്ഷേ ലോക്ഡൗണ്‍ നിബന്ധനകൾ നിബന്ധനകൾ ലംഘിക്കാൻ സാധിക്കില്ല. കർക്കശമായി യാത്രകൾ തടയും. സംസ്ഥാനത്തേക്കുള്വ ചരക്ക് നീക്കത്തിൽ പ്രശ്നങ്ങളില്ല. പഴം, പച്ചക്കറി ഇനങ്ങളിൽ വരവിൽ പ്രശ്നങ്ങളില്ല. എല്ലാ ഇനത്തിന്റേയും സ്റ്റോക് പരിശോധിച്ച് സംഭരിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button