പ്രവാസികളെ തിരിച്ചെത്തിക്കല്‍ ലോക്ഡൗണിനു ശേഷം ഹൈക്കോടതി;

രജിലേഷ് കെ.എം.
കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിര്‍ദേശം വയ്ക്കാനാവില്ല. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ലോക്ഡൗണിനു ശേഷം മെയ് അഞ്ചിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
അതേസമയം, ഗര്‍ഭിണികളുടെയും പ്രായമേറിയവരുടെയും കാര്യത്തില്‍ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി വിലയിരുത്തി. പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. നിരീക്ഷണും പരിചരണവും പുനരധിവാസവും ആവശ്യമാണ്. ചുരുങ്ങിയത് 5,000 ഡോക്ടര്‍മാരുടേയും 20,000 നഴ്‌സുമാരുടെയും സേവനം വേണ്ടിവരും.
മറ്റു രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോകുന്ന കാര്യം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മറ്റു രാജ്യങ്ങളുടെ നയവും നിയമവുമല്ല നമ്മുടെതെന്നായിരുന്നു കോടതിയുടെ മറുപടി. വിദേശത്തുകഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ എന്തു നടപടിയെടുത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം അറിയിക്കണം. അവരെ തിരിച്ചെത്തിച്ചാല്‍ നിരീക്ഷണമടക്കമുള്ള കാര്യങ്ങളില്‍ വിശദമായ മറുപടി നല്‍കണം.- ഹൈക്കോടതി ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികളുടെ ഹര്‍ജി പരിഗണിക്കുന്നതും ഹൈക്കോടതി മേയ് അഞ്ചിലേക്ക് മാറ്റി. വിദേശത്തുള്ള ഗര്‍ഭിണികളെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസും കോടതിയെ സമീപിച്ചിരുന്നു.