തലശേരി കാന്‍സര്‍ രോഗിയെ ബ്രിട്ടണില്‍ നിന്നും കോഴിക്കോട് എത്തിച്ചു…

രജിലേഷ് കെ.എം.
കോഴിക്കോട്: കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ബ്രിട്ടണില്‍ ചികിത്സയിലായിരുന്ന തലശേരി സ്വദേശി സോഫ്ട്‌വെയര്‍ എഞ്ചിനീയറെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് എത്തിച്ചു. വയറില്‍ കാന്‍സര്‍ ബാധിച്ച് ബ്രിട്ടണിലെ എന്‍.എച്ച്.എസ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന 37കാരനു വേണ്ടിയാണ് സുമനസ്സുകള്‍ ഒന്നിച്ചത്. ബ്രിട്ടണിലെ മലയാളി അസോസിയേഷനുകളുടെ ആവശ്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രോഗിയെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി.
ബ്രിട്ടണില്‍ ചികിത്സയിലായിരുന്ന യുവാവിന് കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തുടരാന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെ നാട്ടിലേക്ക് മടങ്ങണമെന്നും കുടുംബത്തോടൊപ്പം കഴിയണമെന്നും വിദഗ്ധ ചികിത്സ ലഭിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. എയര്‍ ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ ബ്രിസ്റ്റള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് മേയര്‍ ടോം ആദിത്യ സന്നദ്ധ പ്രകടിപ്പിച്ചു. മലയാളി അസോസിയേഷനുകള്‍ ഈ ആവശ്യം ഉന്നയിച്ചതോടെ അല്‍ഫോന്‍സ് കണ്ണന്താനവും ഇടപെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ സിവില്‍ ഏവിയേഷന്‍, ആഭ്യന്തര വകുപ്പ്, ആരോഗ്യ വകുപ്പ് എന്നീ കേരള ചീഫ് സെക്രട്ടറി, ഡി.ജി.സി.എ എന്നിവരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് വന്നു. ഇന്നു രാവിലെ ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ എയര്‍ ആംബുലന്‍സില്‍ യുവാവിനെ കരിപ്പൂര്‍ വിമാനത്താവളത്തിലും അവിടെ നിന്ന് എയര്‍ ആശുപത്രിയുടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
യുവാവിനൊപ്പം ഭാര്യയേയും നാലര വയസ്സുകാരി മകളെയും നാട്ടിലെത്തിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ചശേഷമായിരുന്നു യാത്ര. ഷാര്‍ജ, മുംബൈ വഴിയാണ് വിമാനം കരിപ്പൂരിലെത്തിയത്. യാത്രയ്ക്ക് ചെലവായ ഒരു കോടിയോളം രൂപ കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് നല്‍കും.