കോവിഡ് പ്രതിസന്ധിയിലും കേരളാ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തമ്മിലടി…

രജിലേഷ് കെ.എം.
കോട്ടയം: തദ്ദേശസ്ഥാപനങ്ങളിലെ അധികാരം കൈമാറുന്നതിനെച്ചൊല്ലി കോവിഡ് പ്രതിസന്ധിക്കിടയിലും കേരളാ കോണ്‍ഗ്രസില്‍ (എം) പി.ജെ. ജോസഫ് – ജോസ് കെ. മാണി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം. കോട്ടയം ജില്ലാ പഞ്ചായത്തും ചങ്ങനാശേരി നഗരസഭയുമുള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനമാണു തര്‍ക്കവിഷയം. കുട്ടനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തര്‍ക്കം ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നായതോടെ ഒഴിഞ്ഞിരുന്നെങ്കിലും യു.ഡി.എഫിനു തലവേദനയ്ക്കു കുറവില്ല.
മുന്നണിയിലെ ധാരണപ്രകാരമുള്ള അധികാര മാറ്റത്തിനു ജോസ് വിഭാഗം വിസമ്മതിക്കുന്ന നിലയ്ക്ക് ഇന്നു കോട്ടയം ജില്ലാ പഞ്ചായത്ത് തലത്തിലും പിന്നീടു ജില്ലാതലത്തിലും നടത്തുന്ന യു.ഡി.എഫ്. യോഗങ്ങളില്‍ പങ്കെടുക്കാനില്ലെന്നു വ്യക്തമാക്കി ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ മുന്നണി നേതൃത്വത്തിനു കത്തു നല്‍കി. ജോസ് വിഭാഗക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനു മാര്‍ച്ച് 24 വരെയാണ് യു.ഡി.എഫ്. ധാരണ പ്രകാരമുള്ള കാലാവധി.
ഇപ്പോഴാകട്ടെ, അങ്ങനെയൊരു ധാരണയില്ലെന്നും അധികാരം ജോസഫ് പക്ഷത്തിനു കൈമാറില്ലെന്നുമാണു ജോസ് വിഭാഗത്തിന്റെ നിലപാട്. എന്നാല്‍, ഒന്നര മാസം മുന്‍പ് ജോസ് വിഭാഗത്തിന്റെ പ്രതിനിധി ചങ്ങനാശേരി നഗരസഭാധ്യക്ഷപദം രാജിവച്ചത് മുന്നണിയിലെ ധാരണയനുസരിച്ചായിരുന്നുതാനും. സി.എഫ്. തോമസ് എം.എല്‍.എയുടെ സഹോദരനെയാണു പുതിയ ചെയര്‍മാനായി ജോസഫ് വിഭാഗം കണ്ടെത്തിയത്. ചെയര്‍മാനെ ഔദ്യോഗികമായി തെരഞ്ഞെടുക്കാന്‍ രണ്ടു തവണ യോഗം വിളിച്ചെങ്കിലും നടന്നില്ല. മുന്നണിയിലെ ധാരണ പാലിച്ച് അധ്യക്ഷസ്ഥാനം മാറാത്തതിനു പിന്നില്‍ കോണ്‍ഗ്രസിലെ എ വിഭാഗം നേതാക്കളുടെ ഇടപെടലുണ്ടെന്നു ജോസഫ് വിഭാഗം കുറ്റപ്പെടുത്തുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ധാരണ നടപ്പായില്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്‌കരിക്കുമെന്ന് അംഗങ്ങളായ അജിത് മുതിരമല, മേരി സെബാസ്റ്റ്യന്‍ എന്നിവരാണു യു.ഡി.എഫ്. നേതൃത്വത്തിനു കത്തുനല്‍കിയത്. യു.ഡി.എഫ്, ധാരണപ്രകാരം എട്ടുമാസമായിരുന്നു സെബാസ്റ്റിയന്‍ കുളത്തിങ്കലിന്റെ കാലാവധി. ഇക്കാര്യം ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അന്ന് യു.ഡി.എഫ്. നേതാക്കളെ സാക്ഷിയാക്കി മാധ്യമങ്ങളോടു പറഞ്ഞതാണെന്നും ജോസഫ് ഗ്രൂപ്പ് പറയുന്നു.
കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിപ്പുറപ്പെട്ട തര്‍ക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലാണ്. രണ്ടു പാര്‍ട്ടിയായി വേര്‍പിരിഞ്ഞുകഴിഞ്ഞ ജോസഫ്, ജോസ് വിഭാഗങ്ങള്‍ ഇനിയൊരു യോജിപ്പിനുള്ള സാധ്യത തള്ളിക്കളയുന്നു. രണ്ടു പാര്‍ട്ടിയായി ഇരു വിഭാഗത്തെയും അംഗീകരിക്കാമെന്നു യു.ഡി.എഫ്. സമ്മതിച്ചിരിക്കെയാണ് പുതിയ കാരണങ്ങളുണ്ടാക്കി ഇവര്‍ തമ്മില്‍ തര്‍ക്കം തുടരുന്നത്.