
ഗുരുദത്ത് എം
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച 22 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തമിഴ്‌നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആര്‍.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കുന്നത്. കന്യാകുമാരിയിലേയും സമീപ ജില്ലകളിലേയും രോഗികള്‍ക്ക് ഇതേറെ ആശ്വാസകരമാകും.
കന്യാകുമാരിയിലും സമീപ ജില്ലകളില്‍ നിന്നും 560 പേരാണ് ആര്‍.സി.സി.യില്‍ ചികിത്സയിലുള്ളത്. എന്നാല്‍ ലോക് ഡൗണ്‍ കാരണവും രോഗ പകര്‍ച്ച കാരണവും ഇവര്‍ക്ക് അതിര്‍ത്തി കടന്ന് ചികിത്സ തേടാന്‍ കഴിയില്ല. ഇവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഉറപ്പ് വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. സംസ്ഥാന ആരോഗ്യ വകുപ്പ് തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്. ആര്‍.സി.സി.യില്‍ ചികിത്സയിലുള്ള തമിഴ്‌നാട്ടിലെ രോഗികള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സ് വഴി രോഗികളുടെ ചികിത്സാ വിവരം അവിടത്തെ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞ് കൊടുത്താണ് ചികിത്സ നടത്തുന്നത്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയുന്നതാണ്.