പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ആസ്‌ത്രേലിയയും, വരാനിരിക്കുന്നത് വന്‍ അഴിച്ചുപണിയെന്ന് സൂചന

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന ഉടച്ചുവാര്‍ക്കേണ്ടതുണ്ട് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ പിന്താങ്ങി ആസ്‌ത്രേലിയയും. ആസ്‌ത്രേലിയന്‍ ഹൈക്കമ്മീഷണര്‍ സ്ഥാനത്തേക്കെത്തുന്ന ബാരി ഒ’ ഫാരല്‍ ഒരു ദേശീയ മാദ്ധ്യമവുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ലോകാരോഗ്യ സംഘടന കഴിഞ്ഞ നൂറ്റാണ്ടിലെ മാര്‍ഗരേഖകള്‍ അനുസരിച്ചാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും പുതിയ വെല്ലുവിളികള്‍ നേരിടാന്‍ സംഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും കഴിഞ്ഞ ജി 20 സമ്മേളനത്തില്‍ മോദി ചൂണ്ടിക്കാട്ടിയിരുന്നു.
കൊവിഡ് മഹാമാരിക്കുശേഷം ലോകക്രമത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട് എന്ന കാര്യത്തില്‍ തങ്ങള്‍ നിരന്തരം ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോദിയുടെ അഭിപ്രായത്തെ പിന്താങ്ങുകയാണ് ആസ്‌ത്രേലിയ ചെയ്യുന്നതെന്നുമാണ് ഒ’ ഫാരല്‍ വ്യക്തമാക്കിയത്.
ലോകാരോഗ്യ സംഘടന കൊവിഡ് പ്രതിസന്ധിയുടെ ഘട്ടത്തില്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നതിനെ കുറിച്ച് ആസ്‌ത്രേലിയ സ്വതന്ത്രമായ ഒരു അവലോകനം നടത്തുമെന്നും ഒ’ ഫാരല്‍ പറഞ്ഞു.
അതേസമയം, ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോകാരോഗ്യ സംഘടനയില്‍ ഇന്ത്യ നേതൃസ്ഥാനത്തേക്ക് എത്തുന്നതായി വിവരം പുറത്തുവന്നിരുന്നു. അടുത്ത മാസം നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക സമ്മേളനത്തിന് ശേഷമാണ് ഇന്ത്യയുടെ പ്രതിനിധി ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ ചെയര്‍പേഴ്സണായി സ്ഥാനമേല്‍ക്കുക. മെയ് 22നാണ് ഇന്ത്യന്‍ പ്രതിനിധി സ്ഥാനം ഏറ്റെടുക്കുക എന്ന വിവരവുമുണ്ട്. ലോകാരോഗ്യയുടെ സംഘടനയുടെ കാര്യത്തില്‍ ആസ്‌ത്രേലിയയുടെ അഭിപ്രായം കൂടി പുറത്തുവന്നതോടെ ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടനയില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് സൂചന.