
സിന്ധുമോള്‍ ആര്‍
കൊറോണയുടെ പശ്ചാത്തലത്തില്‍ ആൾക്കൂട്ടമോ ആഘോഷങ്ങളോ ഇല്ലാതെ മണികണ്ഠൻ ആചാരിയുടെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറ് മാസം മുൻപായിരുന്നു വിവാഹനിശ്ചയം. അതിനിടെയാണ് രാജ്യത്ത് കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ വച്ചാണ് വിവാഹം നടന്നത്.
പ്രണയവിവാഹമാണ് മണികണ്ഠൻ ആചാരിയുടേത്. ഒന്നരവർഷം മുൻപ് ഒരു ഉത്സവത്തിനിടെയാണ് അഞ്ജലിയെ അടുത്ത് പരിചയപ്പെടുന്നത്. പ്രണയം തുറന്ന് പറഞ്ഞപ്പോൾ അഞ്ജലിക്കും സമ്മതമായിരുന്നുവെന്ന് മണികണ്ഠൻ ആചാരി പറഞ്ഞു.
”കൊറോണയെയും നമ്മള്‍ മലയാളികള്‍ അതിജീവിക്കും. വിവാഹത്തിന് ആര്‍ഭാഡങ്ങള്‍ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണ് അദ്ദേഹം പറഞ്ഞു.
മണികണ്ഠൻ ആചാരിക്ക് ആശംസകൾ നേർന്ന നടി സ്നേഹ ശ്രീകുമാർ രംഗത്തെത്തി. ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്തുവാനും കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറാനും അദ്ദേഹം തീരുമാനിച്ചുവെന്നും സ്നേഹ ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.