
സിന്ധുമോള്‍ ആര്‍
കോവിഡ് വ്യാപനത്തിന്റെ തീവ്രത വർധിച്ച മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം. 24 മണിക്കൂറിനിടെ 811 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 24 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഒട്ടും ശുഭസൂചകമല്ല മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരുന്ന കണക്കുകൾ.
സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഏഴായിരം കടന്നു. ആകെ രോഗികൾ 7628 ആയി. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം അയ്യായിരം പിന്നിട്ടു. മുംബൈക്ക് പിന്നിലായി രോഗ വ്യാപനം കൂടുതലുള്ള പൂനയിൽ മരണസംഖ്യ 73 ആയി. സംസ്ഥാനത്ത് ഒരോ മണിക്കൂറിലും ഒരാൾ വീതം കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. 323 ആണ് ആകെ മരണസംഖ്യ.
മുംബൈയിൽ 57 വയസുകാരനായ ഹെഡ് കോൺസ്റ്റബിൾ മരിച്ചു. 96 പൊലീസുകാർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഭാട്ടിയ ആശുപത്രിയിൽ ഒരു മലയാളി നഴ്സിന് കൂടി കോവിഡ് കണ്ടെത്തി. 21 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച ധാരാവിയിൽ കോവിഡ് ബാധിതരുടെ എണ്ണം 241 ആയി. രോഗവ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ മുംബൈയിലും പുണെയിലും മേയ് മൂന്നിന് ശേഷവും ലോക്ഡൗൺ നീട്ടണമെന്നാണ് വിദഗ്ധ സമിതി സംസ്ഥാന സംസ്ഥാന സർക്കാരിനു നൽകിയ നിർദേശം.