KeralaLatest

വിദേശ ആരോഗ്യവിദഗ്ദരുമായി വീഡിയോ കോൺഫറൻസ്

“Manju”

 

പ്രജീഷ് എൻ.കെ തലശ്ശേരി

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍ പങ്കെടുക്കുന്ന കോവിഡ് രാജ്യാന്തര പാനല്‍ ചര്‍ച്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ശക്തിയാണ് കോവിഡ്-19 വ്യാപനം തടയാന്‍ സഹായിക്കുന്ന പ്രധാന ഘടകമെന്ന് അഭിപ്രായപ്പെട്ടു.

സര്‍ക്കാരും പൊതുസമൂഹവും ഒന്നിച്ചുനിന്നാണ് ഈ മഹാമാരിയെ നേരിടുന്നത്. പ്രതിരോധത്തിനും ചികിത്സയ്ക്കും ഒരു പോലെ ഊന്നല്‍ നല്‍കുന്ന കേരളത്തിന്‍റെ ആരോഗ്യസംവിധാനം നീണ്ടകാലത്തെ പരിശ്രമത്തിലുടെ പക്വത നേടിയതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആരോഗ്യസംവിധാനമാണ് ഉയര്‍ന്ന മാനവവികസന സൂചികകള്‍ നേടാന്‍ കേരളത്തെ സഹായിച്ചത്.

രാജ്യത്തെ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികളില്‍ ജനുവരിയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതു മുതല്‍ കേരളം ത്രിതല തന്ത്രത്തിലൂടെ ഇതിനെ നേരിടുകയാണ്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തില്‍ രോഗവ്യാപനത്തിന്‍റെ സാധ്യത സാധാരണ ഗതിയില്‍ കൂടുതലാണ്. മാത്രമല്ല, കേരളത്തില്‍ നിന്നുള്ള ധാരാളം പേര്‍ രാജ്യത്തിനു പുറത്ത് ജോലി ചെയ്യുന്നുണ്ട്. തുടക്കത്തില്‍ തന്നെ പ്രായാധിക്യമള്ളവരുടെയും രോഗസാധ്യത കൂടുതലുള്ളവരുടെയും സംരക്ഷണത്തിന് സംസ്ഥാനം കൂടുതല്‍ ശ്രദ്ധ നല്‍കി. മാനസികാരോഗ്യ കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധിച്ചു.

പൊതുജനാരോഗ്യ സംവിധാനത്തില്‍ കേരളത്തില്‍ കൂടുതലായി മുതല്‍മുടക്കുന്നുമുണ്ട്. ഈ സര്‍ക്കാര്‍ വന്ന ശേഷം ആവിഷ്കരിച്ച ആര്‍ദ്രം മിഷനിലൂടെ ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ജീവിതശൈലീ രോഗങ്ങളും മൂന്നാം തലമുറ രോഗങ്ങളും നേരിടുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും കേരളം ശ്രദ്ധിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് വൈറോളജി സ്ഥാപിച്ചത് ഇതിന് തെളിവാണ്. ലോകപ്രശസ്തരായ വിദഗ്ധര്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്നു എന്നത് അഭിമാനകരമാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

സംസ്ഥാനത്തെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ സാമൂഹ്യ സന്നദ്ധ സേനയും രംഗത്തുണ്ട്. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് സഹായത്തിന് എത്തുന്നതിനാണ് 3 ലക്ഷത്തിലധികം അംഗങ്ങളുള്ള സാമൂഹ്യ സേന രൂപീകരിച്ചത്. സേനാംഗങ്ങള്‍ പ്രാദേശിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രശംസനീയമായ സാമൂഹ്യസേവനവും ദുരിതാശ്വാസവുമാണ് നടത്തുന്നത്.

സംസ്ഥാനത്ത് രോഗബാധ കണ്ടതുമുതല്‍ കേരളത്തിന്‍റെ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആരോഗ്യവകുപ്പിനും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പ്രതിരോധത്തിന്‍റെ ഭാഗമായി ബ്രെയ്ക് ദ ചെയിന്‍ പ്രചാരണം ആരംഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും സന്നദ്ധ ഗ്രൂപ്പുകളും മാസ്കുകളും സാനിറ്റൈസറുകളും ഉണ്ടാക്കാന്‍ തുടങ്ങി. മുന്‍കരുതല്‍ എന്ന നിലയ്ക്ക് കൂടുതല്‍ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിവെച്ചു. സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും നിര്‍ദേശങ്ങളും ഉപദേശങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല എന്ന് സര്‍ക്കാരിന് അറിയാം. അതുകൊണ്ട് നിതാന്ത ജാഗ്രത തുടരുകയാണ്.

സംസ്ഥാനത്തിന്‍റെ ഉല്‍പാദന മേഖലകള്‍ എല്ലാം സ്തംഭിച്ചുകിടക്കുകയാണ്. അതുകൊണ്ടു തന്നെ വലിയ വിഭാഗം ജനങ്ങള്‍ ജീവനോപാധിയില്ലാതെ പ്രയാസപ്പെടുകയാണ്. ഈ പ്രശ്നവും കൂടി നേരിടുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന്‍റെ ഭാഗമായാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ മാര്‍ച്ച് 19 ന് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സൗജന്യ റേഷന്‍, സൗജന്യ ഭക്ഷണ സാധനങ്ങള്‍, പലിശരഹിത വായ്പ, തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍, അഡ്വാന്‍സായി ക്ഷേമ പെന്‍ഷനുകള്‍ എന്നിവ ഇതിന്‍റെ ഭാഗമായി നടപ്പാക്കി. അതിഥിതൊഴിലാളികളെ സംരക്ഷിക്കുന്നതിന് പ്രത്യേകം നടപടികള്‍ സ്വീകരിച്ചു. ഈ തരത്തില്‍ ജനങ്ങളെ ഒന്നിച്ചു നിര്‍ത്തിയും സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ ജാഗ്രതപ്പെടുത്തിയുമാണ് മഹാമാരിയെ നേരിടുന്നത്.

ആരോഗ്യപ്രവര്‍ത്തകരും പോലീസും ജനങ്ങളും ഒന്നിച്ചു നീങ്ങുന്നുവെന്നത് കോവിഡ് വ്യാപനം തടയുന്നതില്‍ കേരളത്തെ സഹായിച്ചിട്ടുണ്ട്. ഈ പോരാട്ടത്തില്‍ കേരളം വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കേരളത്തിലുള്ള ശസ്ത്രജ്ഞരുടെയും പ്രവാസികളായ വിദഗ്ധരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യവിദഗ്ധരുമായി കേരളത്തിലെ ആരോഗ്യവിദഗ്ധര്‍ നടത്തിയ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ കാനഡ, യു.എസ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍ പങ്കെടുത്തു.

 

Related Articles

Leave a Reply

Back to top button