KeralaLatest

ഇൻഷുറൻസ് ഏജൻസികളെ ഒഴിവാക്കി കാരുണ്യം ആരോഗ്യസുരക്ഷാ പദ്ധതി

“Manju”

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി ഇനി സര്‍ക്കാര്‍ നേരിട്ട് നടത്തും. ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഒഴിവാക്കി ‘അഷ്വറസന്‍സ്’ രീതിയിലാകും പദ്ധതി തുടരുക. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപവത്കരിച്ച് ചികിത്സ ചെലവ് സര്‍ക്കാര്‍ നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കും.എല്ലാ സാമൂഹ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളും സംയോജിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചത്. ഒരു കുടുംബത്തിന് വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതാണ് പദ്ധതി.

കരാറനുസരിച്ച് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സായിരുന്നു ആദ്യ സേവന ദാതാക്കള്‍. വിവിധ ചികിത്സകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക പര്യാപ്തമല്ല എന്നതടക്കം പല പരാതികളുമുയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പദ്ധതി നേരിട്ട് നടത്താന്‍ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച ശുപാര്‍ശകളടങ്ങിയ കാസ്പ് സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഒഴിവാക്കി അഷ്വറന്‍സ്’ സ്വഭാവത്തിലാണ് പദ്ധതി തുടരുക.

ഇന്‍ഷുറന്‍സ് ഏജന്‍സി ക്ലെയിം പരിശോധിച്ച് ചികിത്സാ ചെലവ് ആശുപത്രികള്‍ക്ക് നല്‍കുന്നതിന് പകരം ചികിത്സാ തുക സര്‍ക്കാര്‍ നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കുന്നതാണ് പ്രധാനമാറ്റം.

ഏകോപനത്തിനായി സ്വതന്ത്ര സ്വഭാവത്തില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകരിക്കും. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ സൗജന്യചികിത്സയടക്കം നല്‍കുന്ന സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ചുമതലയും ഈ ഏജന്‍സിക്കായിരിക്കും.

കേന്ദ്ര പദ്ധതിയായ ആയുഷ്മാന്‍ ഭാരതുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിലടക്കം കാസ്പിന്റെ മറ്റ് മാനദണ്ഡങ്ങളിലൊന്നും മാറ്റമുണ്ടാകില്ല. വിശദമായ രൂപരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കും. .

42 ലക്ഷം അംഗങ്ങളാണ് കാരുണ്യ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായുള്ളത്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതോടെ പദ്ധതി കൂടുതല്‍ കാര്യക്ഷമമാകും എന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Back to top button