KeralaLatest

90 ശതമാനവും ഗുണനിലവാരമില്ലാത്ത ചൈനീസ് കിറ്റ് കേരളത്തിനും കിട്ടി

“Manju”

തിരുവനന്തപുരം ∙ കേരളം വാങ്ങിയ കോവിഡ് 19 റാപിഡ് ആന്റി ബോഡി ടെസ്റ്റിങ് കിറ്റുകളിൽ 90 ശതമാനത്തിനും ഗുണനിലവാരമില്ല. ചൈനീസ് കമ്പനിയായ ലിവ്സോണിന്റെ 12,480 കിറ്റുകളാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കല്‍ റിസർച്ച് (ഐസിഎംആർ) സംസ്ഥാനത്തിനു നൽകിയത്. ആലപ്പുഴയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് വിതരണം നടത്തേണ്ടതില്ലെന്നു സർക്കാർ നിർദേശം നൽകി.

ഒരാഴ്ച മുന്‍പാണ് ഐസിഎംആർ വഴി 600 രൂപ വിലയുള്ള കിറ്റുകൾ കേരളത്തിലെത്തിയത്. ഇതിൽ 40 കിറ്റുകൾ എൻഐവി ആലപ്പുഴയിലും ഗുണമേന്മാ പരിശോധനയ്ക്ക് അയച്ചു. ഫലം വരുന്നതുവരെ കിറ്റുകൾ വിതരണം ചെയ്യേണ്ടെന്ന് മെഡിക്കൽ സർവീസ് കോർപറേഷന് നിർദേശവും നൽകി. കിറ്റുകൾക്ക് ഗുണമില്ലെന്ന റിപ്പോർട്ടാണ് ലഭിച്ചതെന്ന് ആരോഗ്യവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ലാബുകളിലേക്ക് അയച്ചതിനുശേഷം ബാക്കിവന്ന 12,400 കിറ്റുകൾ 30 ഡിഗ്രി ഊഷ്മാവിൽ മെഡിക്കൽ സർവീസ് കോർപറേഷൻ സൂക്ഷിച്ചിരിക്കുകയാണ്. ഇത് തിരിച്ചയയ്ക്കുന്ന കാര്യത്തിൽ ഐസിഎംആറിന്റെ നിർദേശത്തിനായി കാക്കുകയാണ് സർക്കാർ.

റാപിഡ് ടെസ്റ്റ് കിറ്റുകളില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രശ്നമില്ലെന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഒരു പ്രദേശമാകെ രോഗം പടരുന്ന സാഹചര്യത്തിൽ വേഗത്തിൽ ഫലം ലഭിക്കാനാണ് ഈ ഈ കിറ്റുകൾ ഉപയോഗിക്കുന്നത്. കേരളത്തിലൊരിടത്തും ഇപ്പോൾ അങ്ങനെയൊരു സാഹചര്യമില്ല. സമൂഹ വ്യാപനത്തിലേക്ക് കാര്യങ്ങളെത്തുകയും കിറ്റുകൾ ഇല്ലാതിരിക്കുകയും ചെയ്താൽ പ്രശ്നമാണെന്നും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. 100 പേരെ പരിശോധിച്ചാൽ 30 പേരിലാണ് പോസ്റ്റിവ് ഫലം ലഭിക്കുന്നതെന്നതിനാൽ കിറ്റിന്റെ കൃത്യതയെക്കുറിച്ചും ആരോഗ്യവിദഗ്ധർക്കു സംശയങ്ങളുണ്ട്.

റാപിഡ് ടെസ്റ്റ് ആന്റി ബോഡികൾ അഥവാ ശരീരത്തിൽ അണുക്കൾ പ്രവേശിക്കുമ്പോൾ ശരീരത്തിന്റെ പ്രതിപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന വസ്തുക്കൾ തിരിച്ചറിയുന്ന ടെസ്റ്റാണിത്. 30 മിനിറ്റിനുള്ളിൽ ഫലമറിയാം. കോവിഡ് പരിശോധിക്കുന്നതിനുള്ള ആർ ടി പിസി ആർ ടെസ്റ്റിന്റെ ഫലം വരാൻ അഞ്ചു മണിക്കൂറിൽ കൂടുതലെടുക്കും. ആർടി പിസിആർ കിറ്റുകൾ 50,000 എണ്ണം സ്റ്റോക്കുണ്ടെന്ന് മെഡിക്കൽ സർവീസ് കോർപറേഷൻ അധികൃതർ പറഞ്ഞു. ഓർഡർ ചെയ്ത കൂടുതൽ കിറ്റുകൾ ഉടൻ കേരളത്തിലെത്തും.

Related Articles

Leave a Reply

Back to top button