
അഖിൽ ജെ എൽ
ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പൂര്‍ണ്ണ തോതില്‍ പിന്‍വലിച്ചാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി. ഓഗസ്റ്റ് വരെ എങ്കിലും രോഗ ഭീഷണി നിലനില്‍ക്കുമെന്നും മെയ് അവസാനത്തോടെ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നേക്കുമെന്നും വിവരമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പഠനം നടന്നത്. ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ രണ്ടാഴ്ച കഴിയുമ്പോഴേക്കും രോഗ ബാധിതരുടെ എണ്ണം 65000ല്‍ എത്തിയേക്കാം. മെയ് അവസാനം ആകുന്നതോടെ രോഗ ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടക്കും.
ജൂണ്‍ പകുതി ആകുന്നതോടെ മൂന്ന് ലക്ഷവും , ജൂണ്‍ അവസാനത്തോടെ പതിനൊന്ന ലക്ഷവും കടക്കും. അതിനാല്‍ ഏറെ കരുതലോടെ മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സാധിക്കൂ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ കൊറോണ മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും വരും നാളുകളില്‍ വലിയ രീതിയില്‍ ഉയരുമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ഗവേഷണ സ്ഥാപനങ്ങള്‍ കേന്ദ്രത്തിന് സംയുക്ത റിപ്പോര്‍ട്ട് നല്‍കി.
ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഐടി ബോംബെ, ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ‘ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഏപ്രില്‍ അവസാനത്തോടെ രാജ്യത്ത് മരണ സംഖ്യ ആയിരം പിന്നിടാം. മെയ് അഞ്ചോടെ മൂവായിരം കടക്കും. മെയ് 12 ഓടെ പതിനായിരം പിന്നിട്ടേക്കാം. അങ്ങനെയെങ്കില്‍ മെയ് അവസാനത്തോടെ അന്‍പതിനായിരത്തിലേക്ക് അടുക്കും എന്നാണ് വ്യക്തമാക്കുന്നത്.കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ട ആവശ്യകതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മെയ് പകുതിയോടെ എഴുപത്തി ആറായിരം അധിക കിടക്കകള്‍ കൂടി ആശുപത്രികളില്‍ സജ്ജമാക്കണം, വെന്റിലേറ്ററുകളും ഓക്‌സിജന്‍ സിലിണ്ടറകളും കൂടുതല്‍ കരുതണം, പി പി ഇ കിറ്റുകളും, എന്‍ 95 മാസ്‌കുകളും ഇരട്ടി സംഭരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.