IndiaLatest

പൂക്കളുടെ അത്ഭുത ലോകം തുറന്ന് ഊട്ടി

“Manju”

ഊട്ടി: ഊട്ടിയിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ആഘോഷമായ ഫ്‌ളവര്‍ഷോ ആരംഭിച്ചു. നീലഗിരി ജില്ലയിലെ ഊട്ടിയിലെ സർക്കാർ ബൊട്ടാണിക്കല്‍ ഗാർഡനില്‍ 126-ാമത് പുഷ്പ പ്രദർശനം തമിഴ്‌നാട് സംസ്ഥാന ചീഫ് സെക്രട്ടറി ശിവദാസ് മീണ ഇന്നലെ ഉദ്ഘാടനം ചെയ്തു. അഗ്രികള്‍ച്ചർ പ്രൊഡക്ഷൻ കമ്മീഷണർ അപൂർവ, ജില്ലാ കളക്ടർ അരുണ തുടങ്ങി നിരവധി പേർ ചടങ്ങില്‍ പങ്കെടുത്തു. പത്ത് വ്യത്യസ്ത വിഭാഗങ്ങളിലായി 2.60 ലക്ഷം ഇനം പൂക്കളും 5,000 പൂച്ചട്ടികളും പ്രദർശിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

നേരത്തെ ഏഴ് ദിവസം മാത്രം നടത്തിയിരുന്ന ജനപ്രിയ ഷോ 10 ദിവസത്തേക്ക് നടത്തുന്നത് ഇതാദ്യമാണ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് കൃഷി ഉല്‍പ്പാദന കമ്മീഷണർ അപൂർവയുടെ സാന്നിധ്യത്തില്‍ മന്ത്രിമാർക്ക് പകരം ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രദർശനം ഈ മാസം 20ന് സമാപിക്കും.

എല്ലാവര്‍ഷവും ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന പുഷ്പമേള ലക്ഷക്കണക്കിനു സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. ഇത്തവണ ഊട്ടിയിലേക്കു ഫ്‌ളവര്‍ ഷോ കാണാനായി പോകുന്ന സഞ്ചാരികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഇ പാസ് എടുത്താല്‍ മാത്രമേ ഊട്ടിയിലേക്ക് പ്രവേശിക്കാനാവൂ.

ലോക്‌സഭാ തെരഞ്ഞെടുപ്പു നടപടികള്‍ നടക്കുന്നതിനാല്‍ മുൻവർഷങ്ങളിലേതുപോലെ മറ്റു പ്രദർശനങ്ങള്‍ നടത്താൻ സാധിക്കാത്തതിനാലാണ് ഫ്ലവർ ഷോയുടെ ദിവസങ്ങളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കലക്ടർ അറിയിച്ചു.നീലഗിരിയില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നേരത്തെ തന്നെ നിരോധിച്ചതിനാല്‍ വിനോദസഞ്ചാരികള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

44 അടി വീതിയും 35 അടി ഉയരവുമുള്ള ഡിസ്‌നി കാസിലില്‍ ‘, പൂക്കള്‍ കൊണ്ട് നിർമിച്ചമിക്കി മൗസ്, മിനി മൗസ്, ഗൂബി, പ്ലൂട്ടോ, ഡൊണാള്‍ഡ് ഡക്ക്തുടങ്ങിയ കഥാപാത്രങ്ങള്‍ കുട്ടികളെ ആകർഷിക്കുന്നുണ്ട്. യുനെസ്കോ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ച നീലഗിരി മൗണ്ടൻ റെയില്‍വേയുടെ സ്റ്റീം ലോക്കോമോട്ടീവിന്റെ പൂക്കള്‍ കൊണ്ട് നിർമ്മിച്ച ഒരു മാതൃകയും പ്രദർശനത്തിനുണ്ട്.

കൂടാതെ, 270 ഇനം ഇൻക മേരി ഗോള്‍ഡ്, ഡാലിയ, ഡെയ്‌സി, സിന്നിയ, റുഗാൻ്റിഡുപ്റ്റെ, സ്റ്റോക്ക്, സാല്‍വിയ, അജിററ്റം, ഡെയ്‌സി വൈറ്റ്, ഡെല്‍ഫിനിയ, ആന്തൂറിയം‘, എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. അതേസമയം, മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ആദ്യദിനത്തില്‍ തിരക്ക് കുറവായിരുന്നു. പുതുതായി ഏർപ്പെടുത്തിയ ഈ പാസ്സ് സമ്ബ്രദായം സന്ദർശകരെ അകറ്റുമെന്ന ഭയം വ്യാപകമാണ്.

 

Related Articles

Back to top button