ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലയളവില്‍ കൂട്ടത്തോടെ സര്‍വീസ് റദ്ദാക്കിയതില്‍ റീഫണ്ട് ഇനത്തില്‍ ഇതുവരെ 1,030 കോടി നല്‍കിയെന്ന് ഇന്‍ഡിഗോ. 99.5 ശതമാനം പേര്‍ക്കും റീഫണ്ട് നല്‍കിയെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ കാലത്ത് യാത്ര നിഷേധിക്കപ്പെട്ട എല്ലാവര്ക്കും മുഴുവന്‍ തുകയും റീഫണ്ടായി നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു.
1030 കോടി ഇതുവരെ റീഫണ്ട് ഇനത്തില്‍ നല്‍കിയിട്ടുണ്ട്. 99.5 ശതമാനത്തിനും റീഫണ്ട് നല്കി. പണം നല്കാനുള്ളവര്ക്ക് എത്രയും പെട്ടെന്ന് അത് കൊടുക്കുമെന്ന് ഇന്‍ഡിഗോ വക്താവ് പറഞ്ഞു. “ലോക്ഡൗണിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിയതോടെ ടിക്കറ്റ് വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് മൂലം റീഫണ്ട് നല്കുന്നതില് കാലതാമസമുണ്ടായി. എന്നാല്‍, മെയില്‍ വിമാന സര്‍വീസ് പുനഃരാരംഭിച്ചതിന് ശേഷം കമ്പനിക്ക് വരുമാനം ലഭിക്കാന്‍ തുടങ്ങിയപ്പോഴാണ് റീഫണ്ട് വേഗത്തില്‍ നല്‍കാനായത് .” ഇന്‍ഡിഗോ സി.ഇ.ഒ റോണോ ജോയ് ദത്ത വിശദമാക്കി .