IndiaKeralaLatest

പെണ്‍മക്കളെ വെച്ച്‌ നിലം ഉഴുത കര്‍ഷകന് ട്രാക്ടര്‍ നല്‍കി നടന്‍ സോനു സൂദ്

“Manju”

സിന്ധുമോള്‍ ആര്‍

ലോക്ക്ഡൗണ്‍ സമയത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സഹായവുമായി രംഗത്ത് എത്തിയ വ്യക്തിയാണ് ബോളിവുഡ് നടന്‍ സോനു സൂദ്. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. ലോക്ക്ഡൗണ്‍ കാരണം വീട്ടിലേക്ക് പോവാന്‍ സാധിക്കാത്തവര്‍ക്ക് താമസത്തിനായി മുംബൈയിലെ ജുഹുവിലുള്ള ഹോട്ടല്‍ അദ്ദേഹം തുറന്നുകൊടുത്തിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക കിറ്റുകളും നിരവധി പേര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.

വീണ്ടും സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. വി. നാഗേശ്വര റാവു എന്ന കര്‍ഷകന് സഹായവുമായാണ് സോനു വീണ്ടുമെത്തിയത്. പാടം ഉഴാന്‍ കാളകളില്ലാത്ത കര്‍ഷകനാണ് ഇദ്ദേഹം. കാളകളെ വാങ്ങാന്‍ കാശില്ലാത്തതിനാല്‍ പെണ്‍മക്കളുടെ സഹായത്തോടെ പാടം ഉഴുത് മറിക്കുന്ന ഈ കൃഷിക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ വീഡിയോ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു സോനു സൂദിന്റെ പ്രതികരണം. ഈ കുടുംബത്തിന് കാളകളെയല്ല മറിച്ച്‌ ട്രാക്ടറാണ് ആവശ്യമെന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന് സഹായത്തിനായി ഒരു ട്രാക്ടര്‍ അയക്കുന്നു എന്നും സോനു എഴുതി. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ചായക്കട നടത്തുകയായിരുന്നു നാഗേശ്വര റാവു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റാവുവിനും കുടുംബത്തിനും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നു. ഇതോടെ അവരുടെ വരുമാനവും നിലച്ചു. തുടര്‍ന്നാണ് നിലക്കടല കൃഷി ചെയ്യാന്‍ റാവു തീരുമാനിക്കുന്നത്. ഇതിനായാണ് സ്വന്തമായി കാളയില്ലാത്തതിനാല്‍ പെണ്‍മക്കളെ കൊണ്ട് നിലം ഉഴുത വീഡിയോയാണ് വൈറല്‍ ആയത്.

Related Articles

Back to top button