IndiaLatest

ടൂറിസം രംഗത്ത് ഇളവുണ്ടായേക്കും, കേരളമടക്കം പരിഗണനയിൽ; മാര്‍ഗരേഖ ഉടന്‍

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: നാലാംഘട്ട ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ കടുത്ത നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയന്ത്രണങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. പ്രധാനമന്ത്രിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. നാളെ മാന്‍ കി ബാത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ പൊതുസാഹചര്യം വിശദീകരിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് വിനോദസഞ്ചാര മേഖലയില്‍ ഇളവുകളുണ്ടായേക്കും.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ സുരക്ഷിതമായിരിക്കുന്നത് ഇതുവരെ കാണിച്ച ക്ഷമ കാരണമാണ്. അതു തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി സര്‍ക്കാരിന്‍റെ വാര്‍ഷിക സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അസൗകര്യങ്ങള്‍ ദുരന്തങ്ങളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും ജനം പാലിച്ചേ മതിയാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ തുടരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ അഭിപ്രായം അറിഞ്ഞ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയും സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുന്ന വിധത്തില്‍ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്താനുമാണ് സര്‍ക്കാര്‍ ആലോചന.

പൊതു ഇടങ്ങളില്‍ തുപ്പരുത്, മാസ്ക് ധരിക്കണം, സമ്പര്‍ക്ക അകലം പാലിക്കണം, പൊതുസമ്മേളനങ്ങളും ഒത്തുച്ചേരലുകളും പാടില്ല, കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം എന്നിവ ഉള്‍പ്പെടെ പൊതുമാര്‍ഗരേഖ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ഇറക്കാനിടയുള്ളൂ. ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സൂചിപ്പിക്കുന്നു.

ജൂണ്‍ ഒന്നു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ ബംഗാള്‍ തീരുമാനിച്ചിട്ടുണ്ട്. ഓഫീസുകളിൽ ജീവനക്കാരെയും അനുവദിക്കുന്നതടക്കം ജൂണ്‍ 8 മുതല്‍ ബംഗാളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളും മാളുകളും തുറക്കണമെന്നാണ് ഡല്‍ഹിയുടെ ആവശ്യം. ഗോവയും മഹാരാഷ്ട്രയും രാജസ്ഥാനും കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധ കൂടുതലുള്ള 13 നഗരങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല. രാജ്യാന്തര വിമാന സര്‍വീസ് ജൂലൈ മുതലേ ആരംഭിക്കൂ.

Related Articles

Back to top button