KeralaLatest

സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം, വീടും പരിസരവും വൃത്തിയാക്കണം

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാനം ശുചീകരണ ദിനം ആചരിക്കുന്നത്. കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കണം. ഇന്ന് ഞായറാഴ്‌ചയായതിനാല്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ദിനം കൂടിയാണ്. ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എല്ലാവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണം. സര്‍ക്കാര്‍ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും.

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്‌ച ഡ്രൈ-ഡേ ആയും ആചരിക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുക് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതെല്ലാം ഒഴുക്കിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍, കുപ്പികള്‍, ഫ്രിഡ്‌ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവന്‍ ഒഴിവാക്കണം. റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകളിലെ വെള്ളം ഒഴിവാക്കി അവ കമഴ്‌ത്തിവയ്‌ക്കണം. കോവിഡ്-19 ഭീഷണി നിലനില്‍ക്കുമ്പോള്‍ മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button