KeralaLatest

പരീക്ഷയെഴുതാൻ പോകാൻ ഒരു ബോട്ട് തന്നെ വിട്ടു നൽകി സംസ്ഥാന ജലഗതാഗത വകുപ്പ്

“Manju”

 

പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചപ്പോൾ പ്ലസ് വൺ വിദ്യാർത്ഥിയായ സാന്ദ്ര ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ വർഷം തനിക്ക് പരീക്ഷയെഴുതാൻ സാധിക്കുമെന്ന്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ബോട്ട് സർവീസുകൾ നിർത്തി വച്ചതോടെ ആലപ്പുഴയിൽ നിന്നുള്ള ജലഗതാഗതം സ്തംഭിച്ചിരുന്നു. കുട്ടനാട്ടിൽ നിന്ന് സ്‌കൂൾ സ്ഥിതി ചെയ്യുന്ന കോട്ടയത്തേക്ക് പോകാൻ മാർഗമില്ലാതെ വിഷമിച്ച സാന്ദ്രയ്ക്ക് വേണ്ടി മാത്രമായി 70 സീറ്റുകളുള്ള ഒരു ബോട്ട് തന്നെ സംസ്ഥാന ജലഗതാഗത വകുപ്പ് വിട്ട് നൽകി.
വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ തിയിതികൾ പ്രഖ്യാപിച്ചതോടെ കുട്ടനാട് സ്വദേശിനിയായ സാന്ദ്ര സംസ്ഥാന ജലഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് തന്റെ ആശങ്ക അറിയിക്കുകയായിരുന്നു. കോട്ടയം കാഞ്ഞിരത്തെ എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് സാന്ദ്ര. ദിവസവേതന തൊഴിലാളികളുടെ മകളായ സാന്ദ്ര ബോട്ട് സർവീസിനെ ആശ്രയിച്ചാണ് സ്‌കൂളിൽ പോയിരുന്നത്. പരീക്ഷ എഴുതാൻ സ്‌കൂളിൽ എത്താൻ കഴിയുമോ എന്ന ആശങ്ക ജലഗതാഗത വകുപ്പിനെ അറിയിക്കുമ്പോഴും താൻ ഒരാൾക്ക് വേണ്ടി മാത്രം ബോട്ട് സർവീസ് ആരംഭിക്കുമോ എന്ന് സാന്ദ്രയ്ക്ക് സംശയമുണ്ടായിരുന്നു. എന്നാൽ സാന്ദ്രയ്ക്ക് വേണ്ടി ബോട്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു.

രാവിലെ കൃത്യം 11.30ന് തന്നെ സാന്ദ്രയെ കൂട്ടാൻ ബോട്ട് ജെട്ടിയിൽ എത്തി. 12 മണിയോടെ ബോട്ട് സ്‌കൂളിന് മുൻപിലുള്ള ജെട്ടിയിൽ എത്തി. സാന്ദ്ര പരീക്ഷയെഴുതി തീരുന്നത് വരെ ബോട്ട് കാത്ത് കിടന്നു. പരീക്ഷയെഴുതി പുറത്തിറങ്ങിയ സാന്ദ്രയെ നാല് മണിയോടെ തിരികെ വീട്ടിലാക്കി.
സാധാരണ ബോട്ട് സർവീസിൽ ഉണ്ടാകുന്നത്ര ജീവനക്കാരും ബോട്ടിൽ ഉണ്ടായിരുന്നു. ഒരു ഡ്രൈവർ, ഒരു സ്രാങ്ക്, ഒരു ബോട്ട് മാസ്റ്റർ, രണ്ട് സഹായികൾ എന്നിങ്ങനെയൊരു സംഘമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.  സാധാരണ ഈടാക്കുന്നത് പോലെ ഒരു വശത്തേക്ക് 9 രൂപ കണക്കാക്കി ഇരുവശത്തേക്ക് കൂടി 18 രൂപയാണ് സാന്ദ്രയിൽ നിന്ന് ടിക്കറ്റ് ചാർജായി ഈടാക്കിയത്.

Related Articles

Back to top button