KeralaLatest

ഉറവിടമറിയാത്ത കൊവിഡ് കേസുകൾ; കൊല്ലത്ത് ആശങ്ക

“Manju”

 

ഉറവിടമറിയാത്ത കൊവിഡ് കേസുകൾ കൊല്ലത്ത് വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച കാവനാട് സ്വദേശി സേവ്യർക്ക് രോഗബാധമുണ്ടായതെന്ന് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല. ഇയാൾ ഉൾപ്പെടെ 11 പേർക്കാണ് ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
മരണശേഷമാണ് കാവനാട് സ്വദേശിയായ സേവ്യറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. വീടിനുള്ളിൽ മരിച്ചു കിടക്കുകയായിരുന്ന 65 കാരനായ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് സ്രവം ശേഖരിച്ചു. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ഇയാൾ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.

ജില്ലയിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം കൂടിയാണ് ഇന്നലെ. 11 പേരിൽ ഒമ്പത് പേരും വിദേശത്തുനിന്ന് എത്തിയവരാണ്. ചവറ സ്വദേശികളായ രണ്ട് യുവാക്കൾ, വെള്ളിമൺ, വാളകം എന്നിവിടങ്ങളിൽ നിന്നുള്ള യുവതികൾ, മൈനാഗപ്പള്ളി, ഇടയ്ക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം കുവൈറ്റിൽ നിന്നും എത്തിയവരാണ്. ദുബായിൽ നിന്നും വന്ന ചിതറ സ്വദേശിയായ 59-കാരനും അബുദാബിയിൽ നിന്നും എത്തിയ ചിതറ സ്വദേശിയായ 22 കാരനും രോഗം സ്ഥിരീകരിച്ചു. കരുനാഗപ്പള്ളിയിൽ രോഗം സ്ഥിരീകരിച്ച 32 വയസ്സുകാരൻ മഹാരാഷ്ട്രയിൽ നിന്ന് എത്തിയതാണ്. കല്ലുവാതുക്കൽ സ്വദേശിയായ 42 വയസുകാരന് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
ജില്ലയിലെ മൂന്ന് ഇടങ്ങൾ കൂടി ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചൽ, ഏരൂർ, കടയ്ക്കൽ പഞ്ചായത്തുകളാണ് ജില്ലയിലെ പുതിയ ഹോട്ട് സ്പോട്ടുകൾ.

Related Articles

Back to top button