India

കൊവിഡ് മൂന്നാം തരംഗം കുട്ടികളിൽ ഗുരുതരമാവില്ല

“Manju”

ന്യൂഡൽഹി : കൊറോണയുടെ മൂന്നാം തരംഗം കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊറോണയുടെ രണ്ടാം തരംഗത്തിൽ കുട്ടികൾക്ക് ആർക്കും തന്നെ ഗുരുതരമായി രോഗം ബാധിച്ചിട്ടില്ല. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വൈറസ് കുട്ടികളെ കൂടുതലായി ബാധിച്ചുവെന്ന് ദേശീയ-അന്താരാഷ്ട്ര തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ഗുരുതരമായി ബാധിച്ച കൊറോണയുടെ രണ്ടാം തരംഗത്തിലും രോഗം സ്ഥിരീകരിച്ച കുട്ടികൾക്ക് ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാൽ കൊറോണയുടെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ല എന്നാണ് കാണാൻ സാധിക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു. അതേസമയം ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും രാജ്യത്ത് വാക്‌സിനേഷൻ പൂർത്തിയാകുന്നത് വരെ മുൻകരുതലുകൾ തുടരണമെന്നും രൺദീപ് ഗുലേരിയ കൂട്ടിച്ചേർത്തു. കൊറോണയുടെ മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിച്ചിരുന്നത്.

അതേസമയം കൊറോണ വാക്‌സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമ്മാണ കമ്പനികളോട് കേന്ദ്ര സർക്കാർ കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ. വികെ പോൾ വ്യക്തമാക്കി. കൊവിഷീൽഡ് വാക്‌സിന്റെ 25 കോടി ഡോസുകളും കൊവാക്‌സിന്റെ 19 കോടി ഡോസുകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബർ മാസം വരെ ഇത് ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button