KeralaLatest

പെന്‍ഷന്‍ ആഗസ്റ്റ് പത്തിനകം, 3200 രൂപ കിട്ടും

“Manju”

തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജൂലായ്-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. ഈ മാസം 3200 രൂപ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ആഗസ്റ്റ് പത്തിനകം വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയും, ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്ക് വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തില്‍ ജനങ്ങളുടെ കയ്യില്‍ പണമെത്തേണ്ടത് വളരെ അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് ജൂലായ്-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്‌ വിതരണം ചെയ്യുന്നത് ആരംഭിച്ചു.
പെന്‍ഷന്‍ വിതരണത്തിനായി 1481.87 കോടി രൂപ അനുവദിച്ചു. ആഗസ്റ്റ് പത്തിനകം വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അന്തിമ പട്ടിക പ്രകാരം 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവര്‍ക്ക് സഹകരണബാങ്ക് വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും. 3200 രൂപ ഈ മാസം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.

Related Articles

Back to top button