ശ്രീജ.എസ്
മനാമ : വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ യുഎഇ വിസയുള്ള രണ്ട് ലക്ഷത്തോളം പേരെ തിരിച്ചു കൊണ്ടുവരാന്‍ യുഎഇ നടപടി തുടങ്ങി. കൊറോണവൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് അവധിക്ക് നാട്ടില്‍ പോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയാതിരുന്നത്.
തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന, രാജ്യത്തിനു പുറത്തുള്ള യുഎഇ വിസക്കാര്‍ ഫെഡറല്‍ അതോറിറ്റിയുടെ ഐസിഎ സ്മാര്‍ട്ട് സര്‍വ്വീസസ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം ( https://smartservices.ica.gov.ae). അനുമതി ലഭിച്ചാല്‍ എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിലേതിലെങ്കിലും ടിക്കറ്റെടുത്ത് യുഎഇയില്‍ തിരിച്ചെത്താം. രജിസ്റ്റര്‍ ചെയ്യാന്‍ സാധുവായ പാസ്പോര്‍ട്ട്, കാലവാധിയുള്ള വിസയുടെ കോപ്പി, യുഎഎ ഇ യില്‍ നിന്നും പുറത്ത് പോകാനുണ്ടായ കാരണം തെളിയിക്കുന്ന രേഖ എന്നിവ വേണം.
തിരികെ എത്തുന്നവര്‍ക്ക് കൊറോണ വൈറസ് പരിശോധന നടത്തും. ഇവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ഗാര്‍ഹിക ക്വാറന്റയ്നില്‍ കഴിയണം.