ArticleKeralaLatest

ചങ്ങമ്പുഴ കാവ്യഭാവനയുടെ അനസ്യൂത പ്രവാഹം

“Manju”

ചങ്ങമ്പുഴക്കവിതകള്‍ യുവാക്കള്‍ക്ക്‌ സ്വന്തം വികാരങ്ങളുടെ ആവിഷ്‌കരണമായിരുന്നു. ദാര്‍ശനിക തലം ഒരു പക്ഷേ ദീപ്‌തി കുറഞ്ഞിരുന്നതായാലും ചങ്ങമ്പുഴയുടെ വിഷാദം ആ തലമുറയുടേതായിരുന്നു. വറ്റാത്ത കാവ്യഭാവനയുടെ അനുസ്യൂത പ്രവാഹമായിരുന്നു ആ മനുഷ്യജീവിതം. കേവലം മുപ്പത്തേഴു വര്‍ഷംകൊണ്ട് കൈരളിക്കായി ഒരു കാവ്യ സമുദ്രം തന്നെ അദ്ദേഹം കാഴ്ചവച്ചു. മിഴിവാര്‍ന്ന പദങ്ങളെ അനുയോജ്യമാംവിധം രാഗതാളലയ വിന്യാസത്തോടെ സഹൃദയരിലെത്തിച്ച അന്യാദൃശ പ്രതിഭയാണ് ചങ്ങമ്പുഴ.

കുഞ്ചൻ നമ്പ്യാർക്കുശേഷം മലയാളപദങ്ങൾ സമൃദ്ധമായി ഉപയോഗിച്ച കവി ചങ്ങമ്പുഴയാണ്. വസന്തമെത്തിയ ഉദ്യാനത്തിലെ നീലക്കുയിലായി , മീനമാസ സൂര്യന്‍റെ തപമായി , തുലാവര്‍ഷത്തിലെ മേഘ ഗര്ജ്ജനമായി കവിതാ മനസ്സുകളാകുന്ന ആരാമത്തിന്‍റെ രോമാഞ്ചമായി നിലകൊള്ളുന്ന ചങ്ങമ്പുഴയെന്ന കവിയുടെ ജീവിതം,അക്കാലത്ത്‌ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാതിരുന്ന ക്ഷയരോഗം ചങ്ങമ്പുഴയെ ബാധിച്ചു

എങ്കിലും മനസ്വിനി, കാവ്യനര്‍ത്തകി, മയക്കം തുടങ്ങി ഒട്ടേറെ കവിതകള്‍ രചിച്ചത്‌ രോഗബാധിതനായ ശേഷമാണ്‌. ഇക്കാലത്ത്‌ തന്നെ സഹായിച്ചവരോടുള്ള നന്ദിപ്രകാശനമായി അവസാന രചന ‘നീറുന്ന തീച്ചൂള’ എന്ന കവിതയെ കാണാവുന്നതാണ്‌. 1948 ജൂണ്‍ 17 ന്‌ ചങ്ങമ്പുഴ കൃഷ്‌ണപിള്ള എന്ന മഹാകവി അന്ത്യശ്വാസം വലിച്ചു.ഇന്ന് അദ്ദേഹത്തിന്റെ 72 ആം ചരമദിനമാണ്

മലയാളത്തിലെ ഓര്‍ഫ്യൂസ്, കാവ്യ ഗന്ധര്‍വന്‍, കാല്പനിക കവി, വിപ്ലവ കവി എന്നിങ്ങനെ എണ്ണമറ്റ വിശേഷണങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മഹാ പ്രതിഭയുടെ ജന്മശതാബ്ദിയുടെ ആരംഭമാണ് 2010. അനിയന്ത്രിതവും ഉത്കടവുമായ വികാരത്തള്ളലാണ് ചങ്ങമ്പുഴ കവിതകളുടെ ഉറവിടം എന്ന് അദ്ദേഹത്തിന്റെ ഓരോ വരിയും നമ്മെ ഓര്‍മ്മിപ്പിക്കും
.
“മലരൊളി തിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി”
എഴുതാനുഴറിയ ആ കവി മലയാളകാല്പനിക കവിതയിലെ ‘മുടിചൂടാമന്നന്‍’ എന്ന സ്ഥാനം മലയാളമുള്ളിടത്തോളം കാലം, മലയാളിയുള്ളിടത്തോളം കാലം അലങ്കരിക്കും എന്നതിന് സംശയലേശമില്ല.

തൊഴിലാളികളില്‍ വര്‍ഗ്ഗബോധം രൂപപ്പെട്ടു തുടങ്ങിയ കാലഘട്ടത്തില്‍ വിപ്ലവം കുറഞ്ഞൊരളവില്‍ ചങ്ങമ്പുഴ കവിതകളിലും കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ മലയാളികളിള്‍ മനസ്സില്‍ താലോലിച്ചത്‌ ചങ്ങമ്പുഴ എന്ന പ്രേമഗായകനെയായിരുന്നു. സ്വതവേ വിഷാദിയായ ചങ്ങമ്പുഴയ്‌ക്ക്‌ സുഹൃത്തിന്റെ ആത്മഹത്യ ഒരു വലിയ നടുക്കമായിരുന്നു. ‘രമണ’നിലൂടെ ഇടപ്പള്ളിയും ചങ്ങമ്പുഴയും അനശ്വരനാവു കയാണുണ്ടായത്‌. ‘ആരണ്യകവിലാപകാവ്യം’ മലയാള സാഹിത്യചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്‌തു. രമണന്‍ ഉള്‍പ്പെടെ പതിനൊന്നു ഖണ്ഡകാവ്യങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. ഒട്ടനേകം കവിതകള്‍ക്കു പുറമേയാണിത്‌.

പ്രണയം തന്നെയായിരുന്നു പ്രചോദനമെങ്കിലും , കാലികളുടെ കൂടെ പാടത്ത് പണിയെടുക്കുന്ന ‘ഗുരുനാഥ’നെ ആദരിക്കുന്ന കര്‍ഷക പ്രേമവും കുടിയാന്‍ വാഴ നടാന്‍ ഉപയോഗിക്കുന്ന കൈക്കോട്ട് ക്രൂരനായ ജന്മിക്ക് നേരെ ഓങ്ങാന്‍ പ്രേരിപ്പിക്കുന്ന കീഴാള സ്നേഹവും മതത്തിന്റെ പേരില്‍ മത്സരിക്കാതെ വിജയത്തിലേക്ക് കുതിക്കാനുള്ള ആഹ്വാനവും സമ്പന്നലോകത്തു ജനം പട്ടിണി കിടക്കേണ്ടി വരുന്നതിലെ വ്യഥയും സാഹിതീയ ശത്രുക്കളെ എഴുതിതോല്‍പ്പിക്കാനുള്ള പദസമ്പന്നതയും ഒരുപോലെ മേളിക്കുന്നതായിരുന്നു ആ കാവ്യ ഗംഗ

കവിത്രയത്തിന്റെ (കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍) ജീവിതകാലം മലയാള കവിതയുടെ സുവര്‍ണ്ണകാലം തന്നെയായിരുന്നു. അതിനുശേഷം മറ്റൊരു വസന്തം ഭാഷയില്‍ തളിര്‍ക്കുന്നത്‌ ഇടപ്പള്ളികവികള്‍ എന്നു പേരുകേട്ട ഇടപ്പള്ളിയുടെയും ചങ്ങമ്പുഴകൃഷ്‌ണപിള്ളയുടെയും മറ്റും കാലമായപ്പോഴാണ്‌.
കാല്‌പനികത തന്നെ ഇവരുടെ കവിതകളിലൂടെ വിശേഷിച്ച്‌ ചങ്ങമ്പുഴ കവിതകളിലൂടെ നൂതനമായ ഭാവുകത്വവും സംവേദനതലവും ഭാഷയില്‍ സൃഷ്ടിക്കുകയായിരുന്നു.

കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന മലയാളിയുടെ മനസ്സിലേയ്ക്ക്
“മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതക കാന്തിയില്‍ മുങ്ങിമുങ്ങി”
എന്നുതുടങ്ങുന്ന വരികളല്ലേ ആദ്യം ഓടിയെത്തുക.

ചങ്ങമ്പുഴകൃഷ്‌ണപിള്ള 1911 ഒക്ടോബര്‍ 10 ന്‌ (1087 കന്നിമാസം 24 ന്‌) ഇടപ്പള്ളിയിലെ ഒരു പുരാതന കുടുംബത്തില്‍ ജനിച്ചു. പിതാവ്‌ തെക്കേടത്ത്‌ നാരായണമേനോന്‍. മാതാവ്‌ പാറുക്കുട്ടി അമ്മ. നാരായണമേനോന്‍ വക്കീല്‍ ഗുമസ്‌തനായിരുന്നു.

കൃഷ്‌ണപിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നത്‌ ഇടപ്പള്ളി എം.എം. ബോയ്‌സ്‌ സ്‌കൂളില്‍. കവിതാ പാരമ്പര്യം ഒന്നുമില്ലാത്തതായിരുന്നു ചങ്ങമ്പുഴ കുടുംബം. കൃഷ്‌ണപിള്ളയാകട്ടെ ബാല്യകാലത്തു തന്നെ തന്റെ മനസ്സിനെ മഥിക്കുന്ന സംഭവങ്ങളെ പദ്യരൂപത്തില്‍ എഴുതുന്ന ശീലമുണ്ടായിരുന്നു. അക്കാലത്ത്‌ ഡൊസ്റ്റോയ്‌വ്‌്‌സ്‌കി യുടെ ‘കുറ്റവും ശിക്ഷയും’ വിവര്‍ത്തനം ചെയ്‌ത ഇടപ്പള്ളി കരുണാകരമേനോനുമായി പരിചയം സ്ഥാപിക്കാനായത്‌ ഈ കൗമാരക്കാരന്റെ കവിതാവാസനയെ ഒട്ടൊന്നു ജ്വലിപ്പിക്കുവാന്‍ സഹായകമായി.

1927-ല്‍ മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആലുവാ സെന്റ്‌ മേരീസ്‌ സ്‌കൂളില്‍ പഠനം തുടര്‍ന്നു. കുറ്റിപ്പുഴ കൃഷ്‌ണപിള്ളയുമായി പരിചയം സ്ഥാപിച്ചത്‌ വിശ്വസാഹിത്യത്തിലേക്കുള്ള വഴിതുറക്കാന്‍ ഇടയാക്കി. ചങ്ങമ്പുഴയുടെ ആദ്യ കവിതയുടെ പിറവി ‘പൗരസ്‌ത്യദൂതന്‍’ എന്ന മാസികയിലൂടെയായിരുന്നു. ‘മംഗളം’ എന്നായിരുന്നു കവിതയുടെ പേര്‌. തുടര്‍ന്ന്‌ മാതൃഭൂമി, മലയാളരാജ്യം ദ്വീപിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ ഈ യുവ കവിയുടെ കവിതകള്‍ വെളിച്ചം കണ്ടു തുടങ്ങി.

ഹൈസ്‌കൂള്‍ പഠനകാലത്ത്‌ അധ്യാപകനായിരുന്ന അച്യുതവാര്യര്‍ ചങ്ങമ്പുഴയുടെ സാഹിത്യജീവിതത്തില്‍ ചെലുത്തിയ സ്വാധീനം എടുത്തു പറയേണ്ടതാണ്‌. പത്തു വയസ്സുള്ളപ്പോള്‍ ചങ്ങമ്പുഴയ്‌ക്ക്‌ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. യൗവ്വനാരംഭത്തില്‍ ജീവിതം താറുമാറാകാന്‍ പോന്ന ദുശ്ശീലങ്ങളുടെ പിടിയില്‍ കവി ചെന്നു പെടുകയും ചെയ്‌തിരുന്നു.

ഇതു കണ്ടറിഞ്ഞ വാര്യര്‍ സാര്‍ തന്റെ മഠത്തില്‍ യുവകവിക്ക്‌ എഴുതുവാനും വായിക്കുവാനുമുള്ള സൗകര്യങ്ങള്‍ ചെയ്‌തു കൊടുത്തു. അത്‌ ഫലം കാണുകയും ചെയ്‌തു. വാര്യരുടെ വീട്ടു പേരു ചേര്‍ത്ത്‌ ‘സാഹിതീ സദനം സി.കൃഷ്‌ണപിള്ള’ എന്ന പേരില്‍ മൂന്നുകൊല്ലത്തോളം ചങ്ങമ്പുഴ കൃഷ്‌ണപിള്ള കവിതകളെഴുതി.

കൃഷ്‌ണപിള്ളയക്ക്‌ 17 മുതല്‍ 21 വയസ്സു വരെ പ്രായമുണ്ടായിരുന്ന കാലയളവില്‍ രചിച്ച കവിതകള്‍ ‘ബാഷ്‌പാഞ്‌ജലി’ എന്ന പേരില്‍ 1934-ല്‍ പ്രസിദ്ധീകൃതമായി. ഇ.വി.കൃഷ്‌ണപിള്ളയുടെ അവതാരികയോടെയാണ്‌ അതു പുറത്തു വന്നത്‌. വളരെ ചെറു പ്രായത്തിലെഴുതിയ കവിതകളുടെ ഈ സമാഹാരം വായനാലോകത്തെ ഒട്ടൊന്നുമല്ല അതിശയിപ്പിച്ചത്‌. ഈ വിജയത്തെതുടര്‍ന്ന്‌ 1935-ല്‍ ‘ഹേമന്തചന്ദ്രികയും’ ‘ആരാധകനും’ പ്രസിദ്ധീകരിച്ചു. അക്കാലത്തെഴുതിയ ചില കവിതകള്‍ പ്രമുഖ നിരൂപകരെ ചൊടിപ്പിക്കുകയും അവരുടെ വിമര്‍ശനങ്ങള്‍ ഫലത്തില്‍ ചങ്ങമ്പുഴയെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുവാനും ഇടയാക്കി.

1936-ല്‍ ചങ്ങമ്പുഴ മഹാരാജാസ്‌ കോളേജില്‍ ചേരുകയും 1938-ല്‍ ഇന്റര്‍മീഡിയറ്റ്‌ പാസ്സാവുകയും ചെയ്‌തു. ഇതിനിടെ അതായത്‌ 1936 ജൂലായ്‌ 7 ന്‌ ആയിരുന്നു തന്റെ ഉറ്റ ചങ്ങാതിയും കവിയുമായ ഇടപ്പള്ളി രാഘവന്‍ പിള്ള ആത്മഹത്യ ചെയ്‌തത്‌. ഇത്‌ സ്വാഭാവികമായും കവിയില്‍ കനത്ത ആഘാതമാണുണ്ടാക്കിയത്‌. 1936 ജൂലായ്‌ 20 ന്‌ മാതൃഭൂമി ആഴ്‌ചപതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘തകര്‍ന്ന മുരളി’ എന്ന കവിത ഇടപ്പള്ളിയുടെ വേര്‍പാട്‌ ചങ്ങമ്പുഴയിലുണര്‍ത്തിയ വേദനയുടെ ആവിഷ്‌കാരമായിരുന്നു.

പ്രേമനൈരാശ്യം കൊണ്ടു ജീവനൊടുക്കിയ ഇടപ്പള്ളിയുടെ ദുരന്തകഥ ചങ്ങമ്പുഴയെ ‘രമണന്‍’ രചിക്കുവാനിടയാക്കി. മലയാള കവിതയിലെ ഒരു നാഴികകല്ലായിത്തീര്‍ന്നു ആ ഖണ്ഡകാവ്യം. ചങ്ങമ്പുഴ പിന്നീട്‌ തിരുവനന്തപുരത്ത്‌ ആര്‍ട്‌സ്‌ കോളേജില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്‌) ബി.എ. ഓണേഴ്‌സിനു ചേരുകയും ബിരുദമെടുക്കുകയും ചെയ്‌തു.

1940 മേയ്‌മാസം 9 ന്‌ ചങ്ങമ്പുഴ കൃഷ്‌ണപിള്ള വിവാഹിതനായി. പ്രൈമറിക്ലാസ്സില്‍ തന്റെ ഡ്രോയിംഗ്‌ മാസ്റ്ററായിരുന്ന സി.കെ രാമന്‍മേനോന്റെ മകള്‍ ശ്രീദേവിയായിരുന്നു വധു.1942 നവംബറില്‍ ചങ്ങമ്പുഴ പൂനയിലെ മിലിട്ടറി സിവിലിയന്‍ സര്‍വ്വീസില്‍ ക്ലാര്‍ക്കായി ചേര്‍ന്നു. പിന്നീട്‌ കൊച്ചിയിലേക്ക്‌ സ്ഥലം മാറ്റം ലഭിക്കുകയും ചെയ്‌തു. കുടുംബജീവിതം ഒരു വിധം ഭംഗിയായി മുന്നോട്ടു പോകുമ്പോഴാണ്‌ കവി ഒരു പുതിയ പ്രണയബന്ധത്തിലേര്‍പ്പെടുന്നത്‌. 1944-45 കാലഘട്ടത്തില്‍ എഴുതിയ ‘സ്‌പന്ദിക്കുന്ന അസ്ഥിമാടം’, ‘ഓണപ്പൂക്കള്‍’, എന്നീ കവിതകളില്‍ ഈ പ്രണയത്തിന്റെ ഭാവസ്‌ഫുരണങ്ങള്‍ കാണാവുന്നതാണ്‌.

ഒരുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഒരുപകുതി പ്രജ്ഞയില്‍ നിഴല്‍ പൂശിയ രാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതു പുളകങ്ങള്‍ ചൂടി
ചുടു നെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി !എന്ന പോലെ …ഇഷ്ടവും അനിഷ്ടവും പ്രണയവും വിരഹവും വിഷാദവും വിശേഷവും രാഗവും രോഗവും മദ്യവും മദിരാക്ഷിയും കൂട്ടിക്കലര്‍ത്തിപ്പാടിതിമിര്‍ത്ത ആ കാവ്യ ഗന്ധര്‍വനു‍ മുമ്പില്‍ കാവ്യ നര്‍ത്തകിയും , മദാലസയെപ്പോലെ , മതിമറന്നാടുകയായിരുന്നു

Related Articles

Back to top button