IndiaLatest

പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴിലുള്ള 50,000 രൂപ വരെയുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് 2 ശതമാനം പലിശയിളവ്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂദല്‍ഹി: പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴിലുള്ള എല്ലാ ശിശു ലോണുകള്‍ക്കും 2 ശതമാനം പലിശയിളവ് നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു വര്‍ഷത്തേക്കാണ് പലിശയിളവ്. 2020 മാര്‍ച്ച്‌ 31 തീയതി വെച്ച്‌ നോക്കുമ്പോള്‍ അടച്ചു തീര്‍ക്കേണ്ട വായ്പകള്‍ക്കാണ് ഇളവ് ബാധകം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പദ്ധതി പ്രാബല്യത്തിലുള്ള കാലയളവിലും 2020 മാര്‍ച്ച്‌ 31നും നിഷ്‌ക്രിയ ആസ്തി(എന്‍.പി.എ.) അല്ലാത്ത വായപ്കള്‍ക്കും ഇളവു ലഭിക്കും.

അക്കൗണ്ടുകള്‍ എന്‍.പി.എയില്‍നിന്ന് സക്രിയ ആസ്തി ആകുന്ന മാസം തൊട്ട് എന്‍.പി.എ. വിഭാഗത്തില്‍ പെടാത്തവയായി തുടരുന്ന മാസങ്ങളില്‍ പലിശയിളവു ലഭിക്കും. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ഇതു ഗുണകരമാകും. പദ്ധതിക്കായി ചെലവാകുമെന്നു കണക്കാക്കുന്ന 1542 കോടി രൂപ കേന്ദ്ര ഗവണ്മെന്റ് ലഭ്യമാക്കും.
ആത്മ നിര്‍ഭര്‍ ഭാരത് അഭിയാനു കീഴില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണു പദ്ധതി നടപ്പിലാക്കുന്നത്. വരുമാനമുണ്ടാക്കുന്നതിനുള്ള 50,000 രൂപ വരെയുള്ള വായ്പകളെയാണ് ശിശു വായ്പ എന്ന് വിളിക്കുന്നത്. മുദ്ര ലിമിറ്റഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാണിജ്യ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണു പ്രധാന്‍ മന്ത്രി മുദ്ര യോജനയില്‍ ഉള്‍പ്പെടുത്തി വായ്പ ലഭ്യമാക്കുന്നത്.
ശിശു മുദ്ര വായ്പകള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ- ചെറുകിട വ്യവസായങ്ങളെ കോവിഡ് 19ഉം ലോക്ക് ഡൗണും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. 2020 മാര്‍ച്ച്‌ 31ലെ കണക്ക് പ്രകാരം 9.37 കോടി വായ്പാ അക്കൗണ്ടുകളിലായി 1.62 ലക്ഷം കോടി രൂപയുടെ വായ്പ അടച്ചുതീര്‍ക്കാനുണ്ട്. സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) വഴി 12 മാസ കാലയളവിലാണു പദ്ധതി നടപ്പിലാക്കുക.
മുമ്പില്ലാത്ത സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഈ പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ചെറുകിട വ്യവസായ മേഖലയ്ക്കു പിന്തുണ നല്‍കുന്നതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാകുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമാണ് പ്രതീക്ഷ.

Related Articles

Back to top button