InternationalLatest

വിശുദ്ധ ഹജ്ജിന് ഇന്നു സമാപനം

“Manju”

മക്ക: പതിനായിരങ്ങൾക്ക് നവജാത ശിശുവിന്റെ നൈർമല്യം പകർന്ന് നൽകി മറ്റൊരു വിശുദ്ധ ഹജ്ജ് കൂടി ചരിത്രത്തിലേക്ക് പിൻവാങ്ങുന്നു. മഹാമാരിയിൽ, പരിമിതമെങ്കിലും ഭക്ത്യാദര പൂർവവും പഴുതടച്ച ആരോഗ്യ സുരക്ഷാ നടപടികളോടെയും അരങ്ങേറിയ ഹിജ്റാബ്ദം 1442 ലെ വിശുദ്ധ ഹജ്ജിന് വെള്ളിയാഴ്ചയോടെ സമ്പൂർണ സമാപനം
സൃഷ്ടാവിനോടുള്ള വിധേയത്വവും സമർപ്പണവും ആവർത്തിച്ച് പ്രഖ്യാപിച്ച അല്ലാഹുവിന്റെ അതിഥികൾ വിശുദ്ധ കർമങ്ങളിൽ നിന്ന് സ്വായത്തമാക്കിയ സന്ദേശങ്ങളോടെ സാധാരണ ജീവിതത്തിലേയ്ക്ക് വീണ്ടും.
മാനവ ചരിത്രത്തിലെ എക്കാലത്തെയും മഹാത്യാഗിവര്യനായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ചരിതം അന്ത്യപ്രവാചകൻ കാണിച്ചു തന്ന വിധത്തിൽ ചെയ്തും ചൊല്ലിയും വിശുദ്ധ ഹജ്ജ് അനുഭവിച്ച പതിനായിരങ്ങൾ അർത്ഥബോധത്തോടെ ശിഷ്ട ജീവിതത്തിലേയ്ക്ക്…
മിനായിലെ രാപാർപ്പും അവിടെ വെച്ച് ജംറകളിലെ കല്ലെറിയൽ കർമവും മക്കയിലെത്തി പ്രദക്ഷിണം നിർവഹിക്കലും പുരോഗമിക്കുകയാണ്. വിശുദ്ധ ഹജ്ജിന്റെ സമ്പൂർണ സമാപനം വെള്ളിയാഴ്ചയാണ്.
അതേസമയം, വ്യാഴാഴ്ച സൂര്യാസ്തമയത്തിന് മുമ്പായി മിനായുടെ ഭൂമിശാസ്ത്ര അതിരുകൾ കടന്ന് മക്കയിലേക്ക് നീങ്ങിയവരും നിരവധിയാണ്. മൂന്ന് സ്തൂപങ്ങളിലെ രണ്ടു ദിവസത്തെ കല്ലെറിയൽ കർമം നിർവഹിച്ചവർക്കു ഹജ്ജ് പൂർത്തിയാക്കി മിനായിൽ നിന്ന് മടങ്ങാനുള്ള അനുമതിയുണ്ട്. അതേസമയം, അത് പിറ്റേന്ന് കൂടി നിർവഹിക്കാനാഗ്രഹിക്കുന്നവർ വ്യാഴാഴ്ച രാത്രിയും മിനായിൽ തങ്ങുകയാണ്.
സ്വേച്ഛയെന്ന പിശാചിനെ പ്രതീകാത്മകമായി കല്ലെറിഞ്ഞു ഓടിച്ച ഹാജിമാർ കർമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച മിനായിൽ നിന്ന് പൂർണമായും മടങ്ങും
എല്ലാറ്റിനും നിശ്ചിത സമയങ്ങളും പാതയും ക്രമവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എവിടെയും തിരക്കോ കൂടിച്ചേരലുകളോ അശേഷം ഇല്ല. ഓരോ മുത്വവ്വഫിന് കീഴിലുള്ള തീർഥാടകർക്ക് കല്ലെറിയാൻ നിശ്ചിത സമയം നിർണയിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ നിര്ബന്ധ കര്മങ്ങളിലൊന്നായ വാർഷിക ഹജ്ജ് മഹാമാരിയിലെ സവിശേഷ സാഹചര്യങ്ങളിൽ ഒട്ടും ആശങ്ക പരത്താതെ സുരക്ഷിതവും ആരോഗ്യപൂർണവുമായി നീങ്ങുകയാണ്. ഹാജിമാരുടെ ഇടയിൽ നിന്ന് ആരോഗ്യ രംഗത്ത് യാതൊരു അനിഷ്ട സംഭവങ്ങളോ പകർച്ച വ്യാധി വിവരങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. റബീഅ അൽതൗഫീഖ് അറിയിച്ചു.
കടുത്ത നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് ഹാജിമാർ പൈശാചികതയുടെ പ്രതീകമായ ജംറകളിൽ കല്ലെറിയൽ കർമം അനുഷ്ടിച്ചത്. തീർഥാടകരുടെ പോക്കുവരവുകൾ നിരീക്ഷിക്കാനും തിരക്കൊഴിവാക്കാനും ജംറകൾക്കുചുറ്റും അവിടേക്ക് എത്തുന്ന പാതകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. നിരീക്ഷണത്തിന് നിരവധി കാമറകളാണ് ജംറകളിൽ സ്ഥാപിച്ചിരിക്കുന്നത്. അഗ്നിശമനത്തിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങാൻ ഉദ്ദേശിക്കുന്നവർ മക്കയിൽ തിരിച്ചെത്തി വിടവാങ്ങൽ ത്വവാഫും പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും. നേരത്തെ മദീന സന്ദർശനം നടത്താത്തവർ മദീനയിൽ പോയി റൗദാ ശരീഫ് സന്ദർശനവും മറ്റു സിയാറത്തുകളും പൂർത്തീകരിച്ചാണ് സഊദിയിലെ വിവിധ താമസ സ്ഥലങ്ങളിലേക്ക് മടങ്ങുക.

Related Articles

Back to top button