രാജകീയ അതിഥിമന്ദിരത്തിലെ പാചകക്കാരന് ജോജി മടങ്ങുന്നു
റിയാദ്: ലോക രാഷ്ട്രനേതാക്കളെയെല്ലാം വിരുന്നൂട്ടുന്ന റിയാദിലെ രാജകീയ അതിഥിമന്ദിരത്തില്‍ വച്ചുവിളമ്പാന്‍ ഇനി ജോജി ഇല്ല.
മൂന്ന് പതിറ്റാണ്ട് പാകമായ പ്രവാസം വിളമ്പി തീര്‍ത്ത് ജോജി ജോഷ്വ എന്ന ആലുവക്കാരന്‍ പാചകപ്പുരയില്‍നിന്ന് പടിയിറങ്ങുകയാണ്. വിദേശ രാഷ്ട്രത്തലവന്മാരും ഭരണകര്ത്താക്കളുമുള്പ്പടെ വിശിഷ്ടരും പ്രമുഖരുമായ അതിഥികളെ റോയല്‍ പ്രോട്ടോക്കോളോടെ താമസിപ്പിക്കാന്‍ സൗദി ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള റിയാദ് കോണ്‍ഫറന്‍സ് പാലസിലെ ഈ എക്സിക്യുട്ടീവ് ഷെഫ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള് ട്രമ്ബിനെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രണ്ടുതവണ ഉള്‍പ്പടെ ഒട്ടനവധി ലോകനേതാക്കളെ അവരുടെ അഭിരുചിക്കനുസരിച്ച് വിരുന്നൂട്ടാന്‍ കഴിഞ്ഞ ഗംഭീരമായ ഓര്‍മകളും ചാരിതാര്‍ഥ്യവുമായാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്.
1992-ലാണ് ജോജി ജോഷ്വ റിയാദിലെത്തി കോണ്‍ഫറന്‍സ് പാലസില്‍ ഷെഫാകുന്നത്. മസ്ക്കത്തിലെ അല്ബുസ്താന് പാലസിലും ബഹ്റൈന്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിലും നാലുവര്‍ഷം വീതം ‘സെര്‍വ്’ ചെയ്ത പരിയവുമായാണ് 30 വര്‍ഷം മുമ്ബ് റിയാദിലെത്തുന്നത്. മസ്ക്കത്തിലും ഗവണ്മെന്റ് അതിഥിമന്ദിരമായതിനാല്‍ നിരവധി ലോക പ്രശസ്തരായ രാഷ്ട്രത്തലവന്മാര്ക്കും നേതാക്കള്‍ക്കും വമ്ബുവിളമ്ബാനും അവരുമായി അടുത്തിടപഴകാനും അവസരം ലഭിച്ചിരുന്നു. റിയാദിലെത്തിയപ്പോഴും ലഭിച്ചത് അതേ അഭിമാനകരമായ അവസരം. രാജകീയ അതിഥികളുടെയെല്ലാം ഭക്ഷണകാര്യങ്ങളുടെ ചുമതല ജോജിക്കായിരുന്നു. അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന ജോര്‍ജ് ബുഷ്, അദ്ദേഹത്തിന്റെ പിതാവ് ബുഷ്, ഡൊണാള്‍ഡ് ട്രമ്ബ്, മുന്‍ പാക് പ്രസിഡന്റ് സിയാവുല്‍ ഹഖ്, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി, ധനമന്ത്രിയായിരിക്കെ സൗദിയിലെത്തിയ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി ലോകത്തെ വമ്ബന്‍ നേതാക്കള്‍ക്കെല്ലാം അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ വച്ചുവിളമ്ബാനായി. വിഭവസമൃദ്ധവും ചാരിതാര്ഥ്യവുമായ പ്രവാസം.
മുപ്പതാണ്ടൊക്കെ വലിയ കാലയളവാണെന്നും ഇനി വയ്യ എന്ന് തോന്നി സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ജോജി ജോഷ്വ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ആദ്യകാലം മുതല്‍ തന്നെ സഹധര്‍മിണി ലിസ ജോജി റിയാദില്‍ ഒപ്പമുണ്ട്. ഏറെ ഫോളോവര്‍മാരുള്ള ഫുഡ് വ്ലോഗറും അറിയപ്പെടുന്ന പാചകവിദഗ്ധയുമാണ് അവര്‍. സൗദിയിലും കേരളത്തിലും നടന്ന നിരവധി പാചകമത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്. കഴിഞ്ഞ മാസം റിയാദില്‍ നടന്ന സൗദി ഭക്ഷ്യമേളയില്‍ കേരളീയ വിഭവങ്ങളുമായി പാചക മത്സരത്തില്‍ പങ്കെടുത്തിരുന്നു. മക്കളും ദമ്ബതിമാരുടെ പാത പിന്തുടര്ന്ന് പാചകരംഗവും ഹോട്ടലുമൊക്കെയായി ബന്ധപ്പെട്ട മേഖലയിലാണ് ജോലി ചെയ്യുന്നത്. മകന് ദീപക് കാറ്ററിങ്ങില്‍ ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം കൊച്ചിയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ റവന്യൂ മാനേജര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. മകള്‍ ചെന്നൈ ഗ്രാന്‍ഡ് ചോളൈ ഹോട്ടലില്‍ പേസ്ട്രി ഷെഫ് ആണ്. മരുമകന് സന്ദീപ് കപൂറും ഇതേ ഹോട്ടലില്‍ ആണ് ജോലി ചെയ്യുന്നത്. മരുമകള്‍ ബബിത, തൃശൂരിലെ ഇന്റര്‍നാഷനല്‍ ജര്മോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്യോഗസ്ഥയാണ്. ജോജി ജോഷ്വയും ലിസ ജോജിയും വ്യാഴാഴ്ച രാവിലെ 10-ഓടെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കും.