KeralaLatest

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ബി നിലവറ തുറക്കലിനുള്ള സാധ്യത ഇല്ലാതായി

“Manju”

തിരുവനന്തപുരം• ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിൽ വീണ്ടും രാജകുടുംബത്തിനു നിർണായക സ്വാധീനം കൈവരുന്നതോടെ ബി നിലവറ തുറക്കലിനുള്ള സാധ്യതയും ഇല്ലാതായി. വിശ്വാസപരമായി ഏറെ പ്രധാനപ്പെട്ട ഈ നിലവറ തുറക്കാൻ പാടില്ലെന്ന ഉറച്ച നിലപാടാണു രാജകുടുംബം കേസിന്റെ തുടക്കം മുതൽ സ്വീകരിച്ചത്. സുപ്രീം കോടതിയിലെ വിചാരണയ്ക്കിടെ ഒരു ഘട്ടത്തിൽ സുപ്രീം കോടതി തന്നെ ബി നിലവറ തുറന്നു പരിശോധിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇതിനായി രാജ കുടുംബവുമായി അഭിപ്രായൈക്യമുണ്ടാക്കാൻ അമിക്കസ് ക്യൂറിയായ ഗോപാൽ സുബ്രഹ്മണ്യത്തെ ചുമതലപ്പെടുത്തുകയും ചെയ്തെങ്കിലും രാജകുടുംബം നിലപാടിൽ ഉറച്ചു നിന്നു. ഇന്നലത്തെ അന്തിമ വിധിയിൽ അക്കാര്യം തീരുമാനിക്കാനുള്ള അവകാശം പുതിയ ഭരണസമിതിക്കു വിടുകയായിരുന്നു. രാജകുടുംബത്തിന് ക്ഷേത്രാചാരങ്ങളിലും ഭരണത്തിലുമുളള അധികാരം സുപ്രീം കോടതി തന്നെ അംഗീകരിച്ചിരിക്കെ അവരുടെ നിലപാടിനെ വെല്ലുവിളിച്ച് ബി നിലവറ തുറക്കണമെന്ന വാശി പുതിയ ഭരണസമിതിയും സ്വീകരിക്കാൻ ഇടയില്ല.

ബി ഒഴികെയുള്ള എല്ലാ നിലവറകളും സുപ്രീം കോടതി നിർദേശപ്രകാരം തുറന്നു കണക്കെടുത്തിരുന്നു. ശ്രീകോവിലിൽ ദേവപ്രതിഷ്ഠയുടെ ശിരസ്സിന്റെ ഭാഗത്താണ് പ്രധാനപ്പെട്ട എ, ബി നിലവറകൾ സ്ഥിതി ചെയ്യുന്നത്. എ നിലവറയിൽ നിന്നു വൻ നിധി ശേഖരമാണു കണ്ടെടുത്തത്. ബി നിലവറയിൽ മറ്റു നിലവറകളിലുള്ളതിനെ വെല്ലുന്ന നിധിശേഖരം ഉണ്ടായേക്കാമെന്ന അഭ്യൂഹം ജനങ്ങളിൽ ആകാംക്ഷ ഉണർത്തിയിരുന്നു.

എന്നാൽ കരിങ്കൽ വാതിലുകൾ ഉപയോഗിച്ച് അടച്ചിരിക്കുന്ന ഈ നിലവറ അഗസ്ത്യ മുനിയുടെ സമാധി സങ്കൽപമുള്ള സ്ഥാനമാണെന്നും അതു തുറക്കുന്നത് അനർഥങ്ങൾ സൃഷ്ടിക്കുമെന്നുമാണു രാജകുടുംബത്തിന്റെ വാദം. കരിങ്കൽ വാതിലുകൾ യന്ത്രസഹായത്താൽ തകർക്കുന്നതു ക്ഷേത്രത്തിനു കേടുപാടു വരുത്തുമെന്നും അവർ ചൂണ്ടിക്കാട്ടി. നേരത്തെ ഈ നിലവറ തുറന്നതായി വിനോദ് റായിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയെങ്കിലും അതു ശരിയല്ലെന്നും ബി നിലവറയുടെ പൂമൂഖമായ ചെറിയ അറ മാത്രമാണു മുൻപു തുറന്നിട്ടുള്ളതെന്നുമാണു രാജകുടുംബം ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button