KeralaLatest

മയ്യഴി വിമോചനസമരസേനാനി മംഗലാട്ട്‌ രാഘവന്‍ അന്തരിച്ചു

“Manju”

കണ്ണൂര്‍: മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട്‌ രാഘവന്‍(101) അന്തരിച്ചു. ശ്വസതടസത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. മയ്യഴി വിമോചനസമരത്തിനു നേതൃത്വം നല്‍കിയ മഹാജനസഭയിലെ സോഷ്യലിസ്‌റ്റ്‌ ധാരയുടെ നേതാവായിരുന്നു രാഘവന്‍. 1942ലെ ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ ചോമ്പാല്‍ റെയില്‍വേ സ്‌റ്റേഷന്‍ തീവച്ച കേസില്‍ പ്രതി ചേര്‍ത്ത്‌ ഫ്രഞ്ച്‌ പോലീസ്‌ തടവിലാക്കി ബ്രിട്ടിഷ്‌ പോലീസിനു കൈമാറി. ചോമ്പാലിലെ എം.എസ്‌.പി. ക്യാമ്ബില്‍ കഠിനമായ മര്‍ദനത്തിന്‌ ഇരയായിരുന്നു.
ഫ്രഞ്ച്‌ അധീന മയ്യഴിയില്‍ 1921 സെപ്‌റ്റംബര്‍ 20നാണ്‌ മംഗലാട്ട്‌ രാഘവന്‍ ജനിച്ചത്‌. ഫ്രഞ്ച്‌ മാധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്‌ഥാനത്തില്‍ സജീവമായി. മാതൃഭൂമി കണ്ണൂര്‍ മുന്‍ ബ്യൂറോചീഫ്‌ ആയിരുന്നു. മാഹി വിമോചനസമരകാലത്ത്‌, 1942-ലാണ്‌ മംഗലാട്ട്‌ മാതൃഭൂമി മയ്യഴി ലേഖകനായത്‌. മയ്യഴിയിലെ ഫ്രഞ്ച്‌ പിന്മാറ്റത്തോടെ പൂര്‍ണസമയ പത്രപ്രവര്‍ത്തകനായി.
ആര്‍.എം, എം.ആര്‍ എന്നീ പേരുകളിലും ലേഖനങ്ങളെഴുതിയിരുന്നു. 1981-ലാണ്‌ മാതൃഭൂമിയില്‍നിന്നു വിരമിച്ചത്‌. തുടര്‍ന്ന്‌ ഫ്രഞ്ച്‌ കവിതാ വിവര്‍ത്തനത്തിലും താരതമ്യപഠനത്തിലും മുഴുകി. ഫ്രഞ്ച്‌ കവിതകള്‍ മലയാളത്തിലേക്ക്‌ നേരിട്ട്‌ മൊഴിമാറ്റി. ഫ്രഞ്ച്‌ കവിതകള്‍(1993), ഫ്രഞ്ച്‌ പ്രണയഗീതങ്ങള്‍ (1999), വിക്‌ടര്‍ ഹ്യുഗോവിന്റെ കവിതകള്‍(2002) എന്നിവയാണു കൃതികള്‍.
1994ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരവും ലഭിച്ചു. തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചശേഷം വാതക ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. പരേതയായ കെ.വി. ശാന്തയാണ്‌ ഭാര്യ. മക്കള്‍: പ്രദീപ്‌, ദിലീപ്‌, രാജീവ്‌, ശ്രീലത, പ്രേമരാജന്‍

Related Articles

Back to top button