അതിരപ്പിള്ളി: അതിരപ്പിള്ളി മേഖലയില്‍ ചാലക്കുടിപ്പുഴയില്‍ മുതലകളുടെ എണ്ണം പെരുകുന്നു. ഇതുവരെയും വിനോദ സഞ്ചാരികളെ ആക്രമിച്ചതായി റിപ്പോര്‍ട്ടില്ലെങ്കിലും ഇവയുടെ എണ്ണത്തിലുണ്ടാകുന്ന പെരുപ്പം, ഭക്ഷണത്തിന് നേരിടുന്ന ക്ഷാമം എന്നിവ ഇവയെ അക്രമാസക്തരാക്കിയേക്കാം. പുഴയിലെ മീനുകളും മറ്റുമാണ് ഭക്ഷണം. എന്നാല്‍, ഭക്ഷണത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഇവ മറ്റു ജന്തുക്കളെയും ആക്രമിച്ചേക്കാമെന്ന് ഭയക്കുന്നു. ചിമ്മിനി മേഖലയില്‍ ചീങ്കണ്ണികള്‍ ഉണ്ടെങ്കിലും അതിരപ്പിള്ളിയില്‍ മുതലകള്‍ കണ്ടിരുന്നില്ല.
ഏതാനും വര്‍ഷം മുമ്ബ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിെന്റ അടിവശത്ത് ഒരു ചത്ത മുതലയെ കണ്ടിരുന്നു. രണ്ട് വര്‍ഷം മുമ്പ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം ഒരു വീടിനുള്ളില്‍ മുതല എത്തിയതും വനപാലകര്‍ അതിനെ പിടികൂടിയതും വാര്‍ത്തയായിരുന്നു. കണ്ണംകുഴി മേഖലയിലാണ് മുതലകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ഉള്ളത്. അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട വിനോദം വെള്ളച്ചാട്ടത്തിന് മുകളിലെ പുഴയിലും തുമ്പൂര്‍മുഴി ഭാഗത്തെ പുഴയിലും നീരാടുകയെന്നതാണ്. ഇവിടെ സുരക്ഷിതമാണെന്നാണ് നിലവിലുള്ള ധാരണ.
വനപാലകര്‍ ഇടപെട്ട് മുതലകളെ മാറ്റിപ്പാര്‍പ്പിക്കാനും അവയുടെ പെരുപ്പം നിയന്ത്രിക്കാനും വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാരത്തെ ബാധിക്കുമെന്നാണ് കരുതുന്നത്