LatestThiruvananthapuram

4 ജില്ലയില്‍ ബിഎസ്‌എന്‍എല്‍ 4ജി

“Manju”

തിരുവനന്തപുരം; സംസ്ഥാനത്തിന്റെ നീണ്ട നാളത്തെ ആവശ്യമായ ബിഎസ്‌എന്‍എല്‍ 4ജി ആഗസ്റ്റില്‍ നിലവില്‍വരും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് 4ജി ലഭ്യമാകുക. ഇതിനായി 796 പുതിയ 4ജി ടവര്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ നാല് ജില്ലയിലെ പ്രധാന നഗരങ്ങളില്‍ 4ജി സൗകര്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ജില്ലകള്‍ ഏതൊക്കെയെന്ന് ബിഎസ്‌എന്‍എല്‍ കേരള സര്‍ക്കിള്‍ കേന്ദ്രത്തെ അറിയിച്ചു.

ലക്ഷദ്വീപിലെ മിനികോയിലും സേവനം ലഭ്യമാക്കും. തിരുവനന്തപുരത്ത് 296 ഉം എറണാകുളത്ത് 275 ഉം കോഴിക്കോട് 125 ഉം കണ്ണൂരില്‍ 100 ഉം ടവറാണ് സ്ഥാപിക്കുക. ചണ്ഡീഗഢില്‍ നടത്തിയ പരീക്ഷണം വിജയമായതോടെയാണ് രാജ്യത്തെ തെരഞ്ഞെടുത്ത ജില്ലകളില്‍ 4ജി സേവനം ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാകും സര്‍വീസ് നിലവില്‍ വരിക.

ഇന്ത്യന്‍ നിര്‍മിത 4ജി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും പ്രത്യേകതയാണ്. ഇതിനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി ബിഎസ്‌എന്‍എല്‍ കരാര്‍ ഒപ്പുവച്ചു. നഷ്ടത്തിലായ ബിഎസ്‌എന്‍എല്ലിനെ രക്ഷിക്കാന്‍ 4ജി ഇന്റര്‍നെറ്റ് സേവനം അത്യാവശ്യമാണെന്ന് മേഖലയിലെ വിദഗ്ധര്‍ നേരത്തെ വ്യക്തമാക്കിയതാണ്. അതിനിടെ സ്വകാര്യവല്‍ക്കരണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നയം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

 

Related Articles

Back to top button