KeralaLatestThiruvananthapuram

നഷ്ട ജീവനത്തിന്റെ 100 കരിദിനങ്ങൾ

“Manju”

കൃഷ്ണകുമാർ സി

ആഗസ്റ്റ് 4ന് ചാലയിലും – പാളയത്തും വ്യാപാരി നേതാക്കളുടെ നിൽപ്പ് സമരം (കിള്ളിപ്പാലം ജം. & പാളയം മാർക്കറ്റ്).
മേഖലയിലെ വ്യാപാരികൾ കുടുംബാംഗങ്ങളോടൊപ്പം സ്വവസതികളിൽ ഉപവസിക്കും.

പാളയം – ചാല കമ്പോളങ്ങൾ അനിശ്ചിതമായി അടച്ചിടുന്നതിൽ പ്രതിഷേധിച്ചും അശാസ്ത്രീയമായ കണ്ടെയ്ന്മെന്റ് സോൺ നിർണയത്തിൽ പ്രതിഷേധിച്ചും ചാല – പാളയം കമ്പോളങ്ങളിലെ വ്യാപാരികൾ പ്രതിഷേധ സമരം നടത്തുന്നു. നഷ്ട ജീവനത്തിന്റെ 100 ദിനങ്ങൾ എന്ന വിഷയത്തിൽ പൊതു സമൂഹത്തിന്റെ മുന്നിൽ പരസ്യ പ്രമേയം അവതരിപ്പിച്ചു കൊണ്ട് ചാലയിലെ വ്യാപാരിേ നേതാക്കൾ കിള്ളിപാലം ജംഗ്ഷനിലും പാളയ കണ്ണിമേറാ മാർക്കറ്റിലെ വ്യാപാരി നേതാക്കൾ കണ്ണിമേറാ മാർക്കറ്റിനു മുന്നിലും നിൽപ്പ് സമരം നടത്തുന്നു. കിള്ളിപാലം ജംഗ്ഷനിൽ രാവിലെ 10.30ന് നടക്കുന്ന സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ആര്യശാല സുരേഷ് അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് പാളയം മാർക്കറ്റിനു മുന്നിലെ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ് ഉത്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം ശ്രീ. പാളയം പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ട്രഷറർ ശ്രീ. നെട്ടയം മധു, നേതാക്കളായ ശ്രീ. കരമന മാധവൻ കുട്ടി, വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ, പാപ്പനംകോട് രാജപ്പൻ, കുടപ്പനക്കുന്ന് വിനയചന്ദ്രൻ, എസ്. മോഹൻകുമാർ, എൻ. കണ്ണദാസൻ, ജി. മോഹൻ തമ്പി, വിദ്യാധരൻ, ജലാൽ തുടങ്ങിയവർ ഇരു സമര വേദികളിലായി സംസാരിക്കും.
പാളയം – ചാല മേഖലയിലെ വ്യാപാരികൾ കുടുംബാംഗങ്ങളോടൊപ്പം സ്വവസതികളിൽ ഉപവാസം അനുഷ്ഠിക്കും. വിവിധ രാഷ്ട്രീയ – സാമൂഹിക – തൊഴിലാളി സംഘടനാ നേതാക്കൾ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിക്കും.

കോവിഡ് ലോക്ഡൗൺ തുടങ്ങിയ മാർച്ച് 25 മുതൽ ഇന്ന് (ആഗസ്റ്റ് 4) വരെ 133 ദിവസങ്ങളിൽ ആകെ 25 ദിവസം പോലും തുറന്നു പ്രവർത്തിക്കുവാൻ പ്രസ്തുത കമ്പോളങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. വാർഷിക കണക്കെടുത്താൽ ഒരു വർഷത്തിലെ മൂന്നിലൊന്ന് പ്രവർത്തി ദിവസം ഈ സാമ്പത്തിക വർഷം ആദ്യ പകുതിയാകും മുൻപു തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു. 100 പ്രവൃത്തി ദിനങ്ങൾ അടച്ചിട്ടു സ്വയം സഹിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ സമരത്തിലേക്ക് പോകുന്നത്. ഇനിയുമെത്രനാൾ ഈ കമ്പോളങ്ങളിലെ വ്യാപാരികളും തൊഴിലാളികളും ഈ അവസ്ഥയിൽ മുന്നോട്ടു പോകേണ്ടിവരും എന്ന മറുപടി പറയാൻ അധികാരികൾ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു.
ഇതു പോലെ പൂട്ടിയിടേണ്ടി വരുന്ന കമ്പോളങ്ങൾ ലോകത്ത് തന്നെ വേറെയുണ്ടാകില്ല. ഈ നീതി നിഷേധം ഇനിയും സഹിക്കാൻ കഴിയില്ല. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രസ്തുത കമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണം. പ്രസ്തുത പ്രദേശത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ – നിയമസഭാ – പാർലമെന്റ് സാമാജികർ വ്യാപാരികളുടെ പ്രശ്നങ്ങൾ കണ്ടില്ലായെന്നു നടിക്കുന്നതും പ്രതിഷേധാർഹമാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വരും തെരഞ്ഞെടുപ്പുകളിലും വ്യാപാരികളുടെ പ്രതിഷേധം ജനാധിപത്യ രീതിയിൽ രേഖപ്പെടുത്തേണ്ടി വരും.
പച്ചക്കറി – അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രത്യേക സമയവും മറ്റു കടകൾക്ക് പ്രത്യേക സമയവും അനുവദിച്ചു തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നത് പോലും ചെവികൊളളാതെ പോലീസ് ഉൾപ്പെടെ ഉള്ള അധികാരികൾ ക്രൂരമായ വിരട്ടൽ സ്വരത്തിൽ പത്രമാദ്ധ്യമങ്ങളിലൂടെ അഭിസംബോധന ചെയ്യുന്നതിനോടുള്ള ശക്തമായ പ്രതിഷേധം വ്യാപാരികൾക്കു വേണ്ടി രേഖപ്പെടുത്തുന്നു. കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുന്നതിന് നിലവിൽ എടുക്കുന്ന മാനദണ്ഡങ്ങൾ അറിയാൻ താല്പര്യമുണ്ട്. വാർഡ് തല കണ്ടെയ്ന്മെന്റ് സോൺ പ്രഖ്യാപിക്കുക വഴി വാർഡ് അതിർത്തികളുടെ നിരത്തുകളിൽ ഒരു വശം തുറന്നു പ്രവർത്തിക്കുകയും മറുവശം അടഞ്ഞു കിടക്കുകയും ചെയ്യുന്നതിൽ നിന്നും അധികാരികൾ എന്താണ് ഉദ്ദേശിക്കുന്നത്? കോവിഡ് റോഡ് മുറിച്ച് കടന്ന് വരില്ലേ? ചുറ്റാകെ കണ്ടെയ്ന്മെന്റ് സോണുകൾ നടുക്ക് ഫ്രീ സോണുകളും എന്ന നിലയിലും നഗരത്തിലെ ചില വാർഡുകൾ തരം തിരിച്ചതും എന്തടിസ്ഥാനത്തിലാണെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണം. വാർഡ് തിരിച്ചാണോ കോവിഡ് വ്യാപനം ഉണ്ടാകുന്നതെന്നും ന്യായമായും സംശയിക്കേണ്ടി വരും. ചില സ്വാർത്ഥ താൽപ്പര്യങ്ങൾ ഇതിന് കാരണമാകുന്നുവെന്ന് സംശയിക്കുന്നു. കണ്ടെയ്ന്മെന്റ് സോണുകൾ നിശ്ചയിക്കുന്നതിന് പ്രദേശത്തെ വ്യാപാരി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി വിദഗ്ധ സമിതി ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്നു.

Related Articles

Back to top button