Thrissur

റോഡ് സ്വീപ്പര്‍ ട്രക്ക് നഗര ശുചീകരണ യാത്ര തുടങ്ങി

“Manju”

ബിന്ദുലാൽ തൃശൂർ

നഗര ശുചീകരണത്തിനുള്ള ആധുനിക സംവിധാനമായ റോഡ് ശുചീകരണ ട്രക്കിന്റെ ഫ്‌ലാഗ് ഓഫ്
സ്വരാജ് റൗണ്ടില്‍ രാഗം തിയേറ്റര്‍ പരിസരത്ത് മേയര്‍ അജിത ജയരാജന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി അധ്യക്ഷനായി. നഗരവീഥികള്‍ ആധുനികരീതിയില്‍ മാലിന്യമുക്തമാക്കാനും ശുചിത്വ നഗരമാക്കി മാറ്റാനും വിദേശരാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ മെട്രോപൊളിറ്റന്‍ നഗരങ്ങളിലും ഉപയോഗിച്ചുവരുന്ന ടെക്‌നോളജി കോര്‍പ്പറേഷനിലും ഇതോടെ ആരംഭിച്ചു.

നഗര ശുചീകരണത്തിന് പ്ലാന്‍ ഫണ്ടില്‍ നിന്നും ചെലവഴിച്ച 75 ലക്ഷം രൂപയ്ക്കാണ് കോയമ്പത്തൂരിലെ റൂട്ട്‌സ് മള്‍ട്ടി ക്ളീന്‍ കമ്പനിയുടെ സ്വീപ്പര്‍ ട്രക്ക് കോര്‍പ്പറേഷന്‍ സ്വന്തമാക്കിയത്. സ്വരാജ് റൗണ്ടിലും വടക്കേ ബസ് ഹബ്ബിലും വാഹനത്തിന്റെ ട്രയല്‍ റണ്‍ നടത്തി.

തെരഞ്ഞെടുത്ത ജീവനക്കാര്‍ക്ക് ഒരു മാസം കമ്പനി നേരിട്ട് പ്രത്യേക ശുചീകരണ പരീശീലനം നല്‍കിയിട്ടുണ്ട്. ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ രാത്രി മാത്രം യന്ത്രം പ്രവര്‍ത്തിപ്പിക്കും. ട്രക്കില്‍ ഘടിപ്പിച്ച ഓട്ടോമാറ്റിക് ബ്രഷ് സംവിധാനം പൊടിയും മാലിന്യങ്ങളും വലിച്ചെടുക്കും. ഇരുവശത്തും മധ്യത്തിലുമായാണ് ബ്രഷുകള്‍. ഏത് ദിശയിലേക്കും ഇത് തിരിക്കാനാകും. 6 ടണ്‍ വരെ മാലിന്യം സംഭരിക്കാനും 4 മണിക്കൂറില്‍ 10 കിലോമീറ്റര്‍ വരെയുള്ള പ്രദേശം വൃത്തിയാക്കാനും ഇതിന് ശേഷിയുണ്ട്. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ ഡി പി സി മെമ്പര്‍ വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ എം എസ് സമ്പൂര്‍ണ, ശാന്ത അപ്പു, അനൂപ് ഡേവിസ് കാട, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എല്‍ റോസി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button