KeralaLatest

വനരക്തസാക്ഷികളാകുന്ന താൽക്കാലിക ജീവനക്കാർക്കും ഇൻഷുറൻസ് ഏർപ്പെടുത്തും :മന്ത്രി അഡ്വ.കെ രാജു

“Manju”

എസ് സേതുനാഥ്

വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വരുന്ന വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് വനംമന്ത്രി അഡ്വ.കെ.രാജു അറിയിച്ചു.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ മരണപ്പെടുന്ന വകുപ്പിലെ സ്ഥിരം ജീവനക്കാര്‍ക്ക് നിലവില്‍ രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നുണ്ട്. എന്നാല്‍ അടുത്തിടെ ഉണ്ടാകുന്ന ദുരന്തങ്ങളില്‍ വകുപ്പിലെ താത്ക്കാലിക ജീവനക്കാര്‍ കൂടുതല്‍ ഉള്‍പ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ വിഭാഗത്തിനുകൂടി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ലേശകരമായ സാഹചര്യങ്ങളിലും അപകട സാധ്യതകൂടിയ വനസംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ജീവഹാനി സംഭവിക്കുന്ന താത്കാലിക ജീവനക്കാരെയാണ് പദ്ധതിയില്‍ പരിഗണിക്കുക. ഇതിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുമെന്നും വനം മന്ത്രി അറിയിച്ചു.

വനരക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വനംവകുപ്പ് ആസ്ഥാനത്ത് നടന്ന അനുസ്മരണ ചടങ്ങില്‍, വന രക്തസാക്ഷികളുടെ കുടുംബാഗങ്ങളോട് വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ജീവത്യാഗം ചെയ്യേണ്ടിവരുന്ന വനപാലകരെ സ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമാണ് സെപ്തംബര്‍ 11ന് രക്തസാക്ഷി ദിനമായി ആചരിച്ചു വരുന്നത്. ജീവന്റെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമായ വനസംരക്ഷണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വനംകൊള്ളക്കാരുടെ ആക്രമണം, വിവിധ അപകടങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവയില്‍പ്പെട്ട് ജീവന്‍ അര്‍പ്പിക്കേണ്ടി വന്ന ധീരരാണ് വനരക്തസാക്ഷികള്‍.

മികച്ച ഏഴ് വനപാലകരെയാണ് ഈ അടുത്ത കാലത്തായി വകുപ്പിന് നഷ്ടപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. കൃത്യനിര്‍വഹണത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഇവരില്‍ നാലുപേര്‍ സ്ഥിരം ജീവനക്കാരും മൂന്നു പേര്‍ താത്ക്കാലിക ജീവനക്കാരുമായിരുന്നു. അട്ടപ്പാടി റേഞ്ച് ഓഫീസര്‍ ഷര്‍മിള ജയറാം, രാജാമ്പാറ ഫോറസ്‌ററ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ എ.എസ്. ബിജു,പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍മാരായ ദിവാകരന്‍ കെ.യു.,വേലായുധന്‍ എ.കെ., വി.എ. ശങ്കരന്‍ ,പറമ്പിക്കുളത്തെ ട്രൈബൽ വാച്ചറായ സുബ്രഹ്മണ്യൻ എന്നിവരാണ് മരിച്ചത്. വന രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക് വനം വകപ്പിന്റെ പിന്തുണ എന്നും ഉണ്ടാവുമെന്ന് വനം മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണത്തില്‍ മരണമടയുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിയിട്ടുണ്ട്.
നഷ്ടപരിഹാരം, അര്‍ഹമായ ആശ്രിത നിയമനം എന്നിവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മുഖ്യ വനം മേധാവി പി.കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, അഡീ.പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാരായ  ഇ.പ്രദീപ്കുമാര്‍, രാജേഷ് രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വനം ആസ്ഥാനത്തെവന രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അനുസ്മരണച്ചടങ്ങ് നടന്നത്. വനസേനയുടെ പരേഡും ഇതോടുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

 

Related Articles

Back to top button