IndiaLatest

ആയുർവേദ സാരികളുമായി മധ്യപ്രദേശ് കൈത്തറി

“Manju”

പ്രതിരോധശേഷി വർധിപ്പിക്കുന്ന ആയുർവേദ സാരികൾ മധ്യപ്രദേശിൽ വിൽപനയ്ക്ക് ഒരുങ്ങുന്നു. ആയുര്‍വസ്ത്ര എന്ന പേരിൽ മധ്യപ്രദേശ് കൈത്തറി കരകൗശല കോർപ്പറേഷൻ വിപണിയിലെത്തിച്ച സാരികൾക്ക് ഔഷധ ഗുണമുണ്ടെന്നും പ്രതിരോധശേഷി വർധിപ്പിക്കുമെന്നുമാണ് അവകാശവാദം.

പരമ്പരാഗത ഔഷധസസ്യങ്ങളുടെ ഗുണങ്ങൾ വിവിധ ഘട്ടങ്ങളായി നടക്കുന്ന നിർമാണ പ്രക്രിയയിലൂടെ സാരിയിൽ ചേര്‍ക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഇതിനായി കരയാമ്പൂ, ഏലക്ക, ജീരകം, ജാതിക്ക, കറുവപ്പട്ട, കുരുമുളക്, കറുവയില എന്നിവ പൊടിച്ച് 48 മണിക്കൂര്‍ വെള്ളത്തിൽ സൂക്ഷിക്കുന്നു. ഈ വെള്ളം ഫർണസിലേക്ക് മാറ്റി ചൂടാക്കി ലഭിക്കുന്ന നീരാവിയിൽ തുണി നിർമിക്കും. ഈ തുണി കൊണ്ട് സാരിയും മാസ്ക്കും നിർമിക്കുകയാണ് ചെയ്യുന്നത്. അഞ്ചു മുതൽ ആറു ദിവസം വരെയാണ് സാരി നിർമാണത്തിന് ആവശ്യമുള്ളത്.

ഭോപ്പാലിലുള്ള വിനോദ് മേൽവാർ എന്ന വസ്ത്ര വ്യാപാരിക്കാണ് സാരി നിർമാണത്തിന് ചുമതല. ഈ രീതിക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നും ഈ സാരി രോഗാണുക്കളെ തടയുമെന്നുമാണ് വിനോദ് മേൽവാർ അവകാശപ്പെടുന്നത്. രണ്ടു മാസത്തോളമെടുത്താണ് അനുയോജ്യമായ ഔഷധക്കൂട്ട് കണ്ടെത്തിയതെന്നും അഞ്ചോ ആറോ തവണ കഴുകുന്നതു വരെ സാരിയുടെ പ്രതിരോധശേഷി നിലനിൽക്കുമെന്നും വിനോദ് പറഞ്ഞു.

3000 രൂപയാണ് സാരിയുടെ വില. ഭോപ്പാലിലും ഇൻഡോറിലുമുള്ള കേന്ദ്രങ്ങളിലാണ് ഇപ്പോൾ ലഭ്യമാണ്. വൈകാതെ ഇന്ത്യയിലെ 36 വിൽപനശാലകളിലേക്ക് സാരി എത്തിക്കുമെന്ന് മധ്യപ്രദേശ് കൈത്തറി കരകൗശല കോർപ്പറേഷൻ കമ്മിഷണർ രാജീവ് ശർമ പറഞ്ഞു.

സാരിയുടെ പ്രതിരോധശേഷി സംബന്ധമായ അവകാശവാദങ്ങളൊന്നും ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

Related Articles

Back to top button