അമ്മ ചിട്ടിപിടിച്ചു വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് ഇന്ദ്രന്‍സിന്റെ തുടക്കം
തിരുവനന്തപുരം: നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി ഇന്നലെ മരണപ്പെട്ടിരുന്നു. വാര്‍ധക്യ സഹജമായ അസുഖം മൂലമായിരുന്നു മരണം. ഇന്ദ്രന്‍സിന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള ആളാണ് മാതാവ്. ഇന്ദ്രന്‍സ് പലപ്പോഴും ഇത് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഷിബു ഗോപാലകൃഷ്ണന് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ആലഭാരങ്ങളും ആഢംബരങ്ങളും അഴിച്ചുവച്ചു ഇത്രമേല്‍ നിസാരനായി ഈ മനുഷ്യന് ഇരിക്കുന്നതു കാണുമ്പോള്‍ ഉള്ളിലെ സൂര്യകിരീടങ്ങളെല്ലാം വീണുടയുന്നുണ്ട്. അയാള്‍ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല, അജണ്ടകളെ ഒളിച്ചു കടത്തുകയല്ല, തയ്യല്‍ മെഷീനു മുന്നില്‍ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യന് ഞാന്‍ ആരാണ് എന്നു ആത്മാവില്‍ തൊട്ടു അടയാളപ്പെടുത്തുകയാണ്. അയാളുടെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ ഒരു വേഷത്തെ അത്രമേല്‍ സ്നേഹത്തോടെ ജീവിച്ചു കാണിച്ചുതരികയാണ്.
അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യല്മെഷീന് വച്ചാണ് സുരേന്ദ്രന് കൊച്ചുവേലു എന്ന ഇന്ദ്രന്‍സ് തയ്യല്‍ക്കട ആരംഭിക്കുന്നത്. തൂവാനത്തുമ്പികള്‍ക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പദ്മരാജനോട് ടൈറ്റില്‍സില്‍ ഇന്ദ്രന്‍സ് എന്നു ചേര്‍ത്തോട്ടെ എന്നുചോദിക്കുന്നത്. അതോടെ അയാളും ഇന്ദ്രന്‍സായി. പിന്നെ കൊടക്കമ്പിയായി, നെത്തോലിയായി, ഒരു മനുഷ്യ ശരീരത്തിനു താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്തെ അവഹേളനങ്ങളുടെ അവമതിപ്പുകളുടെ അതിക്രൂരമായ പൊട്ടിച്ചിരികളായി.
യൂണിഫോമിനു വകയില്ലാത്തതു കൊണ്ട്, നാലാം ക്ളാസില്‍ പഠിപ്പു നിര്‍ത്തിയ, ഒരുപാടു താരങ്ങള്‍ക്കു കോട്ടും സ്യൂട്ടും തയ്ച്ചുകൊടുത്ത അയാള്‍, അയാള്‍ക്കുവേണ്ടി ആദ്യമായി ഒരു കോട്ടും സ്യൂട്ടും തുന്നി ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനി നടക്കാന്‍ പോയി. ഗൗരവമേറിയ സീനുകള്‍ വരുമ്പോള്‍ സീനിന്റെ മുറുക്കം നഷ്ടപ്പെടാതിരിക്കാന്‍ ഒരുപാടു സീനുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട അയാള്‍, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പിടിച്ചു പിടിച്ചുവാങ്ങുന്ന അഭിനയ സാന്ദ്രതയായി.
ഈ ലോകത്തൊരു എട്ടാമത്തെ അത്ഭുതമുണ്ടെങ്കില്‍ അതു തന്റെ ജീവിതമാണെന്നും, ഞാന്‍ ആരുമല്ലെന്നും, കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും, പരിഭവങ്ങളില്ലാതെ അയാള്‍ പിന്നിലോട്ടു നീങ്ങിനില്‍ക്കുന്നു. എത്ര നിഷ്പ്രയാസമാണ് ഈ മനുഷ്യന് നമ്മളുടെ ആത്മബോധങ്ങളുടെ നെറുകയില്‍ ചുറ്റിക കൊണ്ടു ആഞ്ഞടിക്കുന്നത്.
ഇന്ദ്രന്‍സിന്റെ പിതാവ് കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒന്‍പത് മക്കളില്‍ മൂന്നാമനാണ് ഇന്ദ്രന്‍സ്. ശാന്തകുമാരിയാണ് ഇന്ദ്രന്‍സിന്റെ ഭാര്യ. മഹിത, മഹേന്ദ്രന് എന്നിവര്‍ മക്കളാണ്. അമ്മയുമായി ഏറെ ആത്മബന്ധമുള്ള നടനാണ് ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമായപ്പോള്‍ അത് സമര്‍പ്പിച്ച് ഇന്ദ്രന്‍സ് കുറിച്ചത് ‘അമ്മയുടെ ഉള്ളുരുക്കങ്ങള്‍ക്ക്’ എന്നായിരുന്നു. അമ്മ ചിട്ടിപിടിച്ചു വാങ്ങിയ തയ്യല്‍ മെഷിനില്‍ നിന്നാണ് സുരേന്ദ്രന് എന്ന ഇന്ദ്രന്‍സിന്റെ തുടക്കം സിനിമയിലേക്കുള്ള വഴി തുറന്നതും അങ്ങനെയാണ്.
അതേസമയം, ഇന്നലെ പുലര്‍ച്ചെ അന്തരിച്ച ഗോമതിയമ്മയ്ക്ക് ആദരാഞ്ജലികളുമായി നിരവധി പേരാണ് എത്തുന്നത്. ഇന്ദ്രന്‍സിന്റെ അച്ഛന് കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടേയും ഒന്‍പത് മക്കളില്‍ മൂന്നാമനായിട്ടായിരുന്നു സുരേന്ദ്രന് കൊച്ചുവേലു എന്ന ഇന്ദ്രന്‍സിന്റെ ജനനം.