KeralaLatestThiruvananthapuram

കോവിഡ് വ്യാപനം രൂക്ഷം; വ്യാപക പരിശോധനക്കൊരുങ്ങി സംസ്ഥാനം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സെന്റിനല്‍ സര്‍വ്വൈലന്‍സ് വ്യാപിപ്പിക്കാന്‍ തീരുമാനം. ഓഫീസുകളും, ഷോപ്പിംഗ് മാളുകളും, വിപണികളുമടക്കം പത്ത് വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന വ്യാപിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാകും മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുക. അടുത്ത മാസം കോവിഡ് വ്യാപനം കുത്തനെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സെന്റിനല്‍ സര്‍വ്വൈലന്‍സ് വിഭാഗത്തില്‍ പരിശോധന വ്യാപിപ്പിക്കാനുള്ള തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആഴ്ചയില്‍ പരിശോധന നടത്തണം. പൊതുജനങ്ങളുമായി ഇടപഴകുന്നതനുസരിച്ച്‌ പത്ത് വിഭാഗങ്ങളായി തിരിച്ചാണ് പരിശോധന.

ഉദാഹരണത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, ഷോപ്പിംഗ് മാളുകള്‍, ഫാക്ടറികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. പഞ്ചായത്ത് പരിധിയിലാണെങ്കില്‍ അഞ്ചും, മുനിസിപ്പാലിറ്റിയാണെങ്കില്‍ ഇരുപതും, കോര്‍പറേഷന്‍ ആണെങ്കില്‍ മുപ്പതും സാമ്പിളുകള്‍ ആഴ്ചയില്‍ ഈ വിഭാഗത്തില്‍ പരിശോധിക്കണം.

ഇതേ രീതിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, അസംഘടിത തൊഴിലാളികള്‍, ക്ലസ്റ്ററുകള്‍, കണ്ടയ്ന്‍മന്റ് സോണുകള്‍, പ്രായമായവര്‍ തുടങ്ങി 10 വിഭാഗങ്ങള്‍ ഉള്‍പ്പെടും. ആന്റിജന്‍ പരിശോധനയാകും നടത്തുന്നത്. പരിശോധനാ ഫലം പോസിറ്റീവായാല്‍ നേരത്തെയുള്ള മാര്‍ഗനിര്‍ദേശ പ്രകാരം കോണ്‍ടാക്‌ട് കണ്ടെത്തുന്നതും, ക്വാറന്റീനുമെല്ലാം അതേ രീതിയില്‍ തുടരണം. പരിശോധന വ്യാപിപ്പിക്കുന്നതോടെ ക്ലസ്റ്ററുകള്‍ നേരത്തെ കണ്ടെത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button