KeralaLatestThiruvananthapuram

മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റു, മാതാപിതാക്കള്‍ കസ്റ്റഡിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

ബംഗളൂരു : മൂന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിന‌െ ഒരുലക്ഷം രൂപയ്ക്ക് കര്‍ഷകനായ പിതാവ് വിറ്റു. കര്‍ണാടകയിലെ ഛിക്കബല്ലപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കാണ് മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ പിതാവിനായി തെരച്ചില്‍ നടക്കുകയാണ്.

ബംഗളൂരുവില്‍ നിന്ന് 70കിലോമീറ്റര്‍ അകലെയുള്ള ചിന്താമണി താലൂക്കിലെ തിനക്കല്‍ ഗ്രാമത്തിലാണ് കുട്ടിയുടെ മാതാപിതാക്കള്‍ കഴിയുന്നത്. വില്‍പ്പനയെ കുറിച്ച്‌ രഹസ്യവിവരം ലഭിച്ച അധികൃതര്‍ ഇവിടെയെത്തി കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തില്‍ കുഞ്ഞിന്റെ പിതാവിന്റെ രണ്ടാം വിവാഹമായിരുന്നു ഇതെന്ന് വ്യക്തമായി. ആഢംബര ജീവിതം നയിക്കാന്‍ താത്പര്യം ഉള്ളയാള്‍ ധൂര്‍ത്തനുമായിരുന്നുവെന്ന് ഗ്രാമവാസികള്‍ അറിയിച്ചു. ഇതേ ആ‍ഢംബര ജീവിതം തുടരാന്‍ തന്നെയാണ് കുഞ്ഞിനെ വിറ്റതെന്നാണ് സൂചന.

കുഞ്ഞിന‌െ കൈമാറി ലഭിച്ച ഒരുലക്ഷം രൂപയില്‍ നിന്ന് 50000 രൂപയ്ക്ക് ഇയാള്‍ ബൈക്ക് വാങ്ങി. 15000 രൂപ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനും ചിലവഴിച്ചുവെന്നാണ് പറയപ്പെടുന്നത്. കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ തന്നെ അതിനെ വില്‍ക്കാനുള്ള പദ്ധതികള്‍ മാതാപിതാക്കള്‍ ആരംഭിച്ചിരുന്നു എന്നാല്‍ ആശുപത്രി അധികൃ‌തര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നതിനാല്‍ അവിടെ വച്ച്‌ വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു.

പിന്നാലെ ഇവരുടെ പദ്ധതി അറിയാവുന്ന ഒരാള്‍ ഇടനിലക്കാരനായെത്തി. അടുത്ത ഗ്രാമമായ മലമച്ചനഹള്ളിയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൊടുക്കാനുള്ള ഏര്‍പ്പാടുണ്ടാക്കിയത് ഇയാളാണ്. തുടര്‍ന്ന് ഒരുലക്ഷം രൂപ വാങ്ങി അന്‍പത് വയസിന് മുകളിലുള്ള ഈ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറി. പണം ലഭിച്ച ഇയാള്‍ വന്‍തോതില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെയാണ് പ്രദേശവാസികള്‍ക്ക് സംശയം ജനിച്ചത്. കുഞ്ഞിനെയും കാണാനില്ലെന്ന് വൈകാതെ ഇവര്‍ തിരിച്ചറിഞ്ഞു. ഇവരാണ് അധികൃതരെ വിവരം അറിയിച്ചത്. അന്വേഷണത്തില്‍ വിവരങ്ങള്‍ സത്യമാണെന്ന് വ്യക്തമാവുകയും ചെയ്തു. എന്നാല്‍ കുഞ്ഞിനെ എപ്പോഴാണ് കൈമാറിയതെന്ന് സംബന്ധിച്ച്‌ ഇനിയും വ്യക്ത വന്നിട്ടില്ല.

ഭര്‍ത്താവിന്റെ ഭീഷണി ഭയന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ സമ്മതിച്ചതെന്നാണ് അമ്മ നല്‍കിയ മൊഴി. അതേസമയം അധികൃതര്‍ മടക്കി കൊണ്ടുവന്ന് അഡോപ്ഷന്‍ സെന്ററിലാക്കിയ കുഞ്ഞിനെ തിരികെ നല്‍കണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ശിശുക്ഷേമ സമിതിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാകും കുഞ്ഞിനെ തിരികെ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുക എന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button