KeralaLatest

എറണാകുളത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

“Manju”

കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളത്തുണ്ടായ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. എറണാകുളം കാക്കനാട് മേഖലയിലുണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്കും വെെദ്യൂതി പോസ്റ്റുകള്‍ക്കും മദ്യഷാപ്പുകള്‍ക്കും വൻ നഷ്ടമാണ് ഉണ്ടായത്. ഇന്‍ഫോപാര്‍ക്ക് മേഖലയില്‍ 25-ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു വീണു. വൻ വാഹന ഗതാഗത കുരുക്കാണ് ഇതുമൂലം ഉണ്ടായത്.

ഇന്നലെ വെെകീട്ട് നാല് മണിയ്‌ക്ക് ശേഷമാണ് ജില്ലയില്‍ മഴയ്‌ക്കൊപ്പം കനത്ത കാറ്റും ഉണ്ടായത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് തൃക്കാക്കരയിലും ചുങ്കത്ത് ലൈനിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് റോഡുകളില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. നിലവില്‍ ഈ മേഖലയിലെ ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ട നിലയിലാണ്. ഇന്നലെ കനത്ത കാറ്റില്‍ ബെവ്‌കോയില്‍ 3000 കുപ്പികള്‍ താഴെവീണ് പൊട്ടിയിരുന്നു. ഈ സമയത്ത് മദ്യം വാങ്ങാനെത്തിയവരും ഇവിടത്തെ ജീവനക്കാരും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.

അതേസമയം രാത്രിയോടെ ഈ പ്രദേശങ്ങളില്‍ കാറ്റിനും മഴയ്‌ക്കും ശമനമുണ്ടെങ്കിലും വരും മണിക്കൂറില്‍ ജില്ലയില്‍ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

Related Articles

Back to top button