KeralaLatest

ഡ്രൈവറില്ലാ ടാക്സികള്‍ അടുത്തമാസം നിരത്തില്‍

“Manju”

ദുബൈ: പൂര്‍ണമായും സ്വയം നിയന്ത്രണത്തില്‍ ഓടുന്ന ടാക്സി കാറുകള്‍ അടുത്ത മാസത്തോടെ ദുബൈയിലെ നിരത്തുകളിലെത്തുമെന്ന് ദുബൈ റോഡ് ട്രാൻസ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.) അറിയിച്ചു.

ഡിജിറ്റല്‍ മാപ്പിങ് വിജയകരമായി പൂര്‍ത്തീകരിച്ചതിനു പിന്നാലെ ജുമൈറ 1 ഏരിയയിലാണ് ഡ്രൈവറില്ലാ ടാക്സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുക. ജുമൈറ റോഡിനും ഇത്തിഹാദ് മ്യൂസിയത്തിനും ദുബൈ വാട്ടര്‍ കനാലിനും ഇടയിലുള്ള എട്ടു കിലോമീറ്ററില്‍ പ്രത്യേകം നിശ്ചയിച്ച ട്രാക്കിലൂടെയായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുകയെന്ന് ആര്‍.ടി.എയുടെ ട്രാൻസ്പോര്‍ട്ടേഷൻ, പൊതുഗതാഗത ഏജൻസി ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി പറഞ്ഞു.

ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന സെല്‍ഫ് ഡ്രൈവിങ് ട്രാൻസ്പോര്‍ട്ട് വേള്‍ഡ് കോണ്‍ഗ്രസിന്റെ മൂന്നാമത് എഡിഷന്റെ ഭാഗമായി വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു ഡ്രൈവറില്ലാ കാറുകളായിരിക്കും തുടക്കത്തില്‍ സര്‍വിസിനായി ഉപയോഗിക്കുക. ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ സര്‍വിസ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയം നിയന്ത്രണ വാഹനങ്ങള്‍ നിര്‍മിക്കുന്ന ജനറല്‍ മോട്ടോഴ്സിന്‍റെ അനുബന്ധ കമ്ബനിയായ ക്രൂസ് കമ്ബനിയാണ് വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും.

അതേസമയം, പരീക്ഷണ ഓട്ടത്തില്‍ യാത്രക്കാരെ കയറ്റില്ല. എന്നാല്‍, തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ ക്രൂസ് ടാക്‌സികള്‍ സ്വന്തമാക്കാൻ കഴിയും. 2024 രണ്ടാം പകുതിയോടെ അതിന്റെ പൂര്‍ണ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ യു.എസിനു പുറത്ത് സ്വയം നിയന്ത്രണ ടാക്സികളും ഇഹെയ്ല്‍ സര്‍വിസും വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന ലോകത്തെ ആദ്യ നഗരമായി ദുബൈ മാറും. ദുബൈ റോഡ് ഗതാഗത രംഗത്ത് പുതിയ ഒരു നാഴികക്കല്ലായിരിക്കും ഡ്രൈവറില്ലാ വാഹനങ്ങള്‍. റോഡ് അപകടങ്ങള്‍ കുറക്കാനും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വ്യാപനം ഇല്ലാതാക്കാനും കഴിയും.

ജുമൈറ ഏരിയയില്‍ ക്രൂസ് നേരത്തേ ഡിജിറ്റല്‍ മാപ്പിങ് പൂര്‍ത്തീകരിച്ചിരുന്നു. ടാക്സികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ റോഡ് നിയമങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം ദുബൈ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. പരീക്ഷണ ഘട്ടത്തില്‍ മനുഷ്യ ഇടപെടല്‍ ആവശ്യമെങ്കില്‍, അതിന് ഔദ്യോഗിക രൂപം നല്‍കാൻ ദുബൈ പൊലീസുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണ്.

മൂന്നു യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ടാക്സികളാണ് സര്‍വിസ് നടത്തുക. എന്നാല്‍, എത്ര തുക ഈടാക്കണം എന്നത് നിശ്ചയിച്ചിട്ടില്ല. ലിമോ ടാക്സി ചാര്‍ജിനെക്കാള്‍ 30 ശതമാനം അധികമായിരിക്കുമെന്ന് ഡയറക്ടര്‍ സൂചിപ്പിച്ചു.

അടുത്ത വര്‍ഷം കൂടുതല്‍ ഡ്രൈവറില്ല ടാക്സികള്‍ നിരത്തിലിറക്കാനാണ് പദ്ധതി. 2030ഓടെ ടാക്സികളുടെ എണ്ണം 4000 ആയി ഉയര്‍ത്തി ദുബൈയുടെ സ്മാര്‍ട്ട്‌ സെല്‍ഫ് ഡ്രൈവിങ് രംഗത്ത് 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങളാക്കി മാറ്റുമെന്നും ഖാലിദ് അല്‍ അവാദി പറഞ്ഞു

Related Articles

Back to top button