കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിക്കാനീര്‍ എക്സ്പ്രസ് അപകടം നടന്ന സ്ഥലം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് രാവിലെ സന്ദര്‍ശിക്കും. അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 45 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ മൈനാഗുരിക്ക് സമീപം ബിക്കാനീര്‍-ഗോഹട്ടി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയാണ് അപകടമുണ്ടായത്.
അപകടത്തില്‍പ്പെട്ട 10 പേരുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ 24 പേരെ ജല്‍പയ്ഗുരി ജില്ലാ ആശുപത്രിയിലും 16പേരെ മൊയ്നാഗുരി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ നോര്‍ത്ത് ബംഗാളിലെ സിലിഗുരിയിലുള്ള മെഡിക്കല്‍ കോളജിലേക്കു മാറ്റും. ട്രെയിനിലെ കോച്ചുകള്‍ക്കുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.