KeralaLatestThiruvananthapuram

തദ്ദേശ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടാന്‍ എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികള്‍ മുന്‍ധാരണയുണ്ടാക്കി: കെ.സുരേന്ദ്രന്‍

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടാന്‍ സര്‍ക്കാരും യുഡിഎഫും ചേര്‍ന്ന് മുന്‍ധാരണയുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിന് എല്‍ഡിഎഫും, യുഡിഎഫും എത്തിയത് ഇക്കാര്യത്തില്‍ പുറത്തുവച്ച് ധാരണയുണ്ടാക്കിയ ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
തെരഞ്ഞെടുപ്പുമായി ജനങ്ങളെ അഭിമൂഖീകരിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഭയമാണ്. വോട്ടര്‍മാര്‍ ഇവരെ രണ്ടുകൂട്ടരെയും തിരസ്‌കരിക്കുമെന്നുറപ്പാണ്. ഭരണമുന്നണിക്കുള്ളില്‍ നിരവധി പ്രശ്‌നങ്ങളാണ്. സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്നു കേസുകളുമെല്ലാം അവരെ പ്രതിക്കൂട്ടിലാക്കി. കോണ്‍ഗ്രസ്സിനുള്ളിയും യുഡിഎഫിനുള്ളിലും പ്രശ്‌നങ്ങളുണ്ട്. സംഘടനാതലത്തില്‍ യുഡിഎഫ്  തകര്‍ന്നിരിക്കുകയാണ്.  ഇതിനാലാണ് ഇരുകൂട്ടരും ഒന്നിച്ച് ധാരണയിലെത്തിയത്. തെരഞ്ഞെടുപ്പ് നീട്ടാനുള്ള യുഡിഎഫ് അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിച്ചതും ഇതിനാലാണ്. സുരേന്ദ്രന്‍ പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നില്‍ക്കെ രണ്ട് അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നതാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അത് കൃത്യസമയത്തു തന്നെ നടത്തണമെന്ന നിലപാട് ബിജെപി സര്‍വ്വകക്ഷിയോഗത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കാതെ വന്നാല്‍ അത് വികസന പ്രവര്‍ത്തനങ്ങളെയാകെ ബാധിക്കും. പദ്ധതി നിര്‍വ്വഹണത്തില്‍ കാലവിളംബം ഉണ്ടാകുന്നത് നാടിനെ വലിയ പ്രതിസന്ധിയിലാക്കും. തെരഞ്ഞെടുപ്പ് കാലമായെന്ന ധാരണയില്‍ ഇപ്പോള്‍ തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ പദ്ധതി നടത്തിപ്പും നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ ഭരണ സമിതി വന്നാല്‍ മാത്രമേ വികസന പദ്ധതികളുമായി മുന്നോട്ടു പോകാന്‍ സാധിക്കൂ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും.
യുഡിഎഫ് നേതാക്കള്‍ സര്‍ക്കാരുമായി ഒത്തുകളിച്ച് തീരുമാനമുണ്ടാക്കിയ ശേഷമാണ് സര്‍വ്വകക്ഷി യോഗത്തിനെത്തിയത്. ഒരു മാസമോ, രണ്ടു മാസമോ തെരഞ്ഞെടുപ്പ് നീട്ടണമെന്നാണ് ആവശ്യം. പരിഹാസ്യമായ നിര്‍ദ്ദേശങ്ങളാണിവര്‍ ഉന്നയിക്കുന്നത്. ഒരു മാസം കഴിഞ്ഞാല്‍ കോവിഡിന്റെ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് എങ്ങനെ പറയാനാകും. ഒരു മാസം കഴിഞ്ഞാല്‍ 65 വയസ്സുകഴിഞ്ഞവര്‍ക്ക് പുറത്തിറങ്ങാനാകുമോ?. കണ്ടെയിന്‍മെന്റ് സോണുകള്‍ ഇല്ലാതാകുമോ?. സുരേന്ദ്രന്‍ ചോദിച്ചു.
തെരഞ്ഞെടുപ്പിന്റെ പ്രചാരണ രീതിയിലും വോട്ടെടുപ്പിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റം വരുത്തിക്കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button