KeralaLatestThiruvananthapuram

മെഡിക്കല്‍ കോളേജിനെ ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: കേരളത്തിലെയും തെക്കേ ഇന്ത്യയിലെയും ആദ്യ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ശാക്തീകരിക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒട്ടേറെ നൂതനങ്ങളായ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നവരുടെ ചിരകാലാഭിലാഷമാണ് പുതിയ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളോടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ട്രോമാകെയര്‍ സംവിധാനത്തിന്റേയും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എയിംസിന്റെ മാതൃകയിലാണ് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ട്രോമാകെയര്‍ സംവിധാനവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഉള്‍പ്പെടുത്തി അത്യാഹിതവിഭാഗം നവീകരിച്ചിരിക്കുന്നത്. കാലങ്ങളായി അത്യാഹിത വിഭാഗത്തില്‍ നടന്നുവരുന്ന ചികിത്സാ സംവിധാനങ്ങളെ ഒന്നാകെ മാറ്റിക്കൊണ്ട്, രോഗികള്‍ക്ക് ആശുപത്രിയിലെത്തുന്ന നിമിഷംമുതല്‍ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങളാണ് 33 കോടി രൂപാ ചിലവില്‍ സജ്ജമാക്കിയിട്ടുള്ളത്.

അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക്, അത്യാഹിതത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ചികിത്സ ഉറപ്പാക്കാനായി അത്യാധുനിക ട്രയേജ് സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. റെഡ്, യെല്ലോ, ഗ്രീന്‍ എന്നിനെ മൂന്ന് സോണുകളായി തിരിച്ചാണ് ഇനുമുതല്‍ ചികിത്സ നല്‍കുക. അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് റെഡ് സോണിലും ഗുരുതരമായ അവസ്ഥയിലുള്ളവര്‍ക്ക് യെല്ലോ സോണിലും ഗുരുതാവസ്ഥ കുറഞ്ഞവര്‍ക്ക് ഗ്രീന്‍ സോണിലും ചികിത്സ ഉറപ്പാക്കും. റെഡ് സോണില്‍ 12 രോഗികളേയും യെല്ലോ സോണില്‍ 62 രോഗികളെയും ഗ്രീന്‍ സോണില്‍ 12 രോഗികളേയും ഒരേ സമയം ചികിത്സിക്കാനാവും.

അത്യാഹിതവിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, ഇ.എന്‍.ടി. തുടങ്ങിയ പല വിഭാഗങ്ങളുണ്ടെങ്കിലും ഇവയുടെ എകോപനത്തിലുള്ള പോരായ്മ മൂലം പലപ്പോഴും അടിയന്തര ചികിത്സയ്ക്ക് വിഘാതമുണ്ടാകാറുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഇവയെയെല്ലാം ഏകോപിപ്പിച്ച് നൂതന സംവിധാനങ്ങളോടെ എമര്‍ജന്‍സി വിഭാഗം പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്തര്‍ദേശീയ നിലവാരത്തിലുള്ളതും നിലവിലുള്ള എമര്‍ജന്‍സി മെഡിസിന്‍ ഗൈഡ്‌ലൈന്‍ അനുസരിച്ചുമാണ് എമര്‍ജി വിഭാഗം സജ്ജമാക്കിയിരിക്കുന്നത്.

ട്രോമാകെയറിനൊപ്പം കാര്‍ഡിയാക്, സ്‌ട്രോക്ക്, ബേണ്‍സ് എന്നീ വിഭാഗങ്ങളും ഒരുക്കുടക്കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. മാത്രമല്ല, അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്നുതന്നെ ഡിജിറ്റല്‍ എക്‌സറേ, എം.ആര്‍.ഐ., സി.ടി. സ്‌കാന്‍, പോയിന്റ് ഓഫ് കെയര്‍ ലാബ്, അള്‍ട്രാസൗണ്ട്, ഇ.സി.ജി തുടങ്ങിയ അടിയന്തിര പരിശോധനാ സംവിധാനങ്ങളും നഴ്‌സിംഗ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗികളെയും കൊണ്ടുപോകുകയെന്ന ബുദ്ധിമുട്ട് അവസാനിച്ചിരിക്കുകയാണ്.

എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലെവല്‍ 2 സംവിധാനമുള്ള ട്രോമ കെയറാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഓണ്‍ കോളിംഗ് ലഭ്യമാക്കുന്ന തരത്തിലാണ് മറ്റ് സൂപ്പര്‍ സെപെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഓക്‌സിജന്‍ സപ്പോര്‍ട്ടോടുകൂടിയ 120 കിടക്കകളും വെന്റിലേറ്റര്‍ സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് 106 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. ഡോക്ടര്‍മാര്‍ മുതല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വരെയുളള ജീവനക്കാര്‍ക്ക് ജീവന്‍രക്ഷാ പരിശീലനങ്ങളും നല്‍കി. അതുകൊണ്ടുതന്നെ അത്യാഹിതവിഭാഗത്തില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

കാര്‍ഡിയാക് ചികിത്സയ്ക്ക് ആവശ്യമുള്ള ത്രോംബോലൈസിസ്, പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയവ ചെയ്യുവാനുളള സംവിധാനങ്ങള്‍ക്കു പുറമെ, അടിയന്തര ശസ്ത്രക്രിയയ്ക്കായി 5 ഓപ്പറേഷന്‍ തിയേറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. 10 കിടക്കകളോട് കൂടിയ ട്രാന്‍സിറ്റ് ഐ.സി.യു., 8 കിടക്കകളോട് കൂടിയ കാഷ്വാല്‍റ്റി ഐ.സി.യു., 21 വെന്റിലേറ്റേറുകള്‍, മള്‍ട്ടിപാരാമീറ്റര്‍ മോണിറ്ററുകള്‍, ഹൈഡ്രോളിക് ട്രോളി, മൊബൈല്‍ കിടക്കകള്‍ തുടങ്ങിയ രോഗീപരിചരണ സംവിധാനങ്ങളും ഇവിടെയുണ്ട്.

അസ്വസ്ഥമായ മനസുമായാണ് പൊതുജനങ്ങള്‍ മെഡിക്കല്‍ കോളേജിലെത്തുന്നത്. അതിനാല്‍ അവരുടെ മനസിന് ആശ്വാസം ലഭിക്കത്തക്ക വിധത്തിലാണ് പുതിയ അത്യാഹിത വിഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന് മുന്‍വശമുള്ള സ്ഥലം മനോഹരമായി ലാന്റ്‌സ്‌കേപ്പിംഗ് നടത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയാണ് 3 ലക്ഷം രൂപാ ചിലവില്‍ ഈ സൗന്ദര്യവത്ക്കരണം നടത്തിയിട്ടുള്ളത്. അത്യാഹിത വിഭാഗത്തോട് ചേര്‍ന്നുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സംഭാവനയാണ്. അവരുടെ നല്ല മനസിനെ അഭിനന്ദിക്കുന്നു.

അതിനും പുറമെ, ഇവിടുത്തെ സ്‌ട്രോക്ക് സെന്ററിനെ സമഗ്ര സ്‌ട്രോക്ക് സെന്ററാക്കി വികസിപ്പിക്കുന്നതിനായി 5 കോടി രൂപയും അനുവദിച്ചു. അതുപയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെയുള്ള നൂതന സൗകര്യങ്ങള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ഈ വികസന പ്രവര്‍ത്തനങ്ങള്‍ നാട് നല്ലരീതിയില്‍ സ്വീകരിക്കുമെന്നതില്‍ തര്‍ക്കമില്ല. തുടര്‍ന്ന് വരുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നാടിന്റേയും നാട്ടുകാരുടേയും പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ മേഖലയില്‍ വിസ്മയാകരമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ ഈ മാറ്റങ്ങള്‍ ദൃശ്യമാണ്. ആരോഗ്യ മേഖലയിലെ വലിയ പോരായ്മയായിരുന്നു മികച്ച ട്രോമ കെയറിന്റെ അഭാവം. പകര്‍ച്ചവ്യാധികളേക്കാള്‍ കൂടുതല്‍ ആളുകളാണ് റോഡപകടങ്ങളിലും മറ്റും മരണമടയുന്നത്. ഇതിനൊരു മാറ്റം വരുത്താനാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ട്രോമകെയര്‍ പദ്ധതി ആരംഭിച്ചത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്റര്‍, ട്രോമാകെയര്‍ സംവിധാനം എന്നിവയുള്‍പ്പെട്ട സമഗ്ര ട്രോമാകെയര്‍ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. വിദേശരാജ്യങ്ങളിലെ ട്രോമകെയര്‍ സംവിധാനം കേരളത്തിനുതകുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളേജിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കാന്‍ തീരുമാനിക്കുകയും ട്രോമകെയര്‍ സംവിധാനം സജ്ജമാക്കി വരികയും ചെയ്യുന്നു. 315 കനിവ് 108 ആംബുലന്‍സുകളാണ് നിരത്തിലുള്ളത്. പരിശീലനം നല്‍കാനായുള്ള അപെക്‌സ് ട്രെയിനംഗ് സെന്റര്‍ സജ്ജമാക്കി വരുന്നു. ഇതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ അത്യാധുനിക ട്രോമ കെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനമൊരിക്കിയിട്ടുള്ളത്. ഇതിന് പരിശീലനമുള്‍പ്പെടെയുള്ള സഹായം നല്‍കിയ എയിംസ് സംഘത്തിന് നന്ദി അറിയിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനായി മെഡി 500ലധികം തസ്തികകളാണ് സൃഷ്ടിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷം വലിയ മാറ്റമാണ് മെഡിക്കല്‍ കോളേജില്‍ ഉണ്ടാക്കിയത്. 717 കോടിയുടെ മാസ്റ്റര്‍പ്ലാനും നടപ്പിലാക്കി വരുന്നതായും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്തു. കോവിഡ് പശ്ചാത്തലമില്ലായിരുന്നെങ്കില്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ വലിയ ആഘോഷമായി നടത്തേണ്ട ചടങ്ങായിരുന്നു ഇതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലം മെഡിക്കല്‍ കോളേജിലെ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസമായി. മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി വരുന്നു. രണ്ടും മൂന്നുംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയിലെ മികച്ച മെഡിക്കല്‍ കോളേജായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതമാശംസിച്ച ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംല ബീവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ കെ. ശ്രീകുമാര്‍, വി.കെ. പ്രശാന്ത് എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. ബി.എസ്. സുനില്‍ കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, എ.ആര്‍.എം.ഒ. ഡോ. ഷിജു മജീദ്, ഡോ. എസ്. സുജാത, എച്ച്.ഡി.എസ്. പ്രതിനിധി ഡി.ആര്‍. അനില്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജി. മായ, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. വിശ്വനാഥന്‍, പി.ഡബ്ല്യു.ഡി. എ.എക്‌സ്.ഇ. ഷിബുജാന്‍, എ.ഇ. എസ്. മനോജ് എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button