KeralaLatest

ജനകീയ ഹോട്ടലില്‍ ഉച്ചയൂണിന്റെ രുചി ആസ്വദിച്ച്‌ കളക്ടര്‍

“Manju”

തൃശൂര്‍: വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച്‌ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍. 20 രൂപയുടെ ഉച്ചയൂണാണ് കളക്ടറും സംഘവും കഴിച്ചത്. മേഖലയിലെ ട്രൈബല്‍ കോളനികള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന വഴി ജനകീയ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തുകയായിരുന്നു കളക്ടര്‍. ചോറ്, സാമ്പാര്‍, മീന്‍ചാറ്, കാളന്‍, ബീറ്റ്റൂട്ട് തോരന്‍, വാഴപ്പിണ്ടി അച്ചാര്‍ എന്നിവയ്ക്ക് പുറമെ സ്പെഷ്യലായി ചിക്കന്‍ കറിയും ഉണ്ടായിരുന്നു.

വനിതാ ക്യാന്റീനായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ രണ്ടുവര്‍ഷം മുന്‍പാണ് ജനകീയ ഹോട്ടലായി മാറിയതെന്ന് നടത്തിപ്പുകാരായ വനിതകള്‍ പറഞ്ഞു. ലിസി, ഭവാനി, രമണി, അംബിക, സീന എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെയാണ് ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തന സമയം. ദിവസവും 75 പേരോളം ഹോട്ടലിലെത്തി ഭക്ഷണം കഴിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു.

വീടുകളിലേക്ക് പാഴ്‌സലായും ഉച്ചയൂണ്‍ ആളുകള്‍ കൊണ്ടുപോകുന്നുണ്ട്. 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കി നല്‍കുന്ന ജീവനക്കാരെ കളക്ടര്‍ അഭിനന്ദിച്ചു. വിശ്വസിച്ച്‌ ഭക്ഷണം കഴിക്കാവുന്ന ഇടങ്ങളാണ് ജനകീയ ഹോട്ടലുകളെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Related Articles

Back to top button