India

വിവാഹത്തിന് ശേഷം വധൂവരന്മാർ വൃക്ഷത്തൈ നടണം

“Manju”

ലക്‌നൗ : പരിസ്ഥിതി സംരക്ഷണം ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ ചെടികളും മരങ്ങളും വെട്ടി നശിപ്പിക്കുകയും മണിമാളികകൾ പണിയുകയുമാണ് പലരും ചെയ്തുവരുന്നത്. ഒരു ജീവന്റെ അംശം ഭൂമിയിൽ നിലനിർത്താൻ മരങ്ങൾ അനിവാര്യമാണെന്ന് അറിഞ്ഞിട്ട് പോലും അത് വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ ഉത്തർപ്രദേശിലെ ഒരു ഗ്രാമം ഇതിൽ നിന്നും മാറി ചിന്തിക്കാൻ ആരംഭിച്ചുകഴിഞ്ഞു. വിവാഹം കഴിയുന്ന വധൂവരന്മാർ ഒരു തൈ നട്ടതിന് ശേഷം മാത്രമേ വീട്ടിലേയ്ക്ക് പ്രവേശിക്കാവൂ എന്ന വ്യത്യസ്തമായ ആചാരമാണ് ഇവിടെ നടപ്പിലാക്കുന്നത്.

കൗശാംബി ജില്ലയിലെ അംനി ലോകിപൂർ ഗ്രാമത്തിലാണ് സംഭവം. 3,700 ഓളം വീടുകളുള്ള ഈ ഗ്രാമത്തിലെ ആളുകൾ ചേർന്നാണ് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. അത് നടപ്പിലാക്കുന്നതും ഗ്രാമവാസികൾ തന്നെ. വിവാഹം കഴിഞ്ഞ ശേഷം വധൂവരന്മാർ ഒരു വൃക്ഷ തൈ നട്ട ശേഷം മാത്രമേ വീട്ടിലേയ്ക്ക് പ്രവേശിക്കാവൂ. ഇതുകൊണ്ട് മാത്രം ആയില്ല. ആദ്യത്തെ കുഞ്ഞിനെ പോലെ രണ്ട് പേരും ചേർന്ന് ആ ചെടിയെ സംരക്ഷിക്കുകയും വേണം. ഗ്രാമവാസികളായ അതുൽ സന്ധ്യ എന്നിവരാണ് ഇത്തരത്തിൽ ആദ്യമായി വൃക്ഷം നട്ടത്. വിവാഹത്തിന് ശേഷം ചെടി നട്ട് പ്രതിജ്ഞയെടുത്ത വധൂവരന്മാർ അതിന്റെ പരിപാലനവും ഏറ്റെടുത്തുകഴിഞ്ഞു.

ഒരു ചെറിയ ഗ്രാമമായ അംനി ലോകിപൂരിലെ ഹരിതാഭ ഭംഗി നഷ്ടപ്പെട്ടുവരികയാണ്. ഏറെ നാളായി തിങ്ങി നിന്ന പച്ചപ്പ് എന്നെന്നേയ്ക്കുമായി മാഞ്ഞു കൊണ്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടുവെന്ന് മുൻ ഗ്രാമ പ്രധാൻ സ്വതന്ത്ര സിംഗ് പറയുന്നു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതിയെ സംരക്ഷിക്കാൻ പുതിയ പദ്ധതികൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഗ്രാമവാസികൾ തന്നെയാണ് ഈ പുതിയ ആശയം മുന്നോട്ട് വെച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വർഷവും തൈകൾ നട്ടിരുന്നെങ്കിലും മിക്കതും പരിപാലിക്കാതെ വന്നതോടെ കരിഞ്ഞുപോയി. എന്നാൽ ഈ പുതിയ പദ്ധതിയിലൂടെ പരിസ്ഥിതിയെ കൂടുതൽ സംരക്ഷിക്കാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. വധൂവരന്മാർ പുതുതായി നട്ട തൈ കരിഞ്ഞുപോകുകയോ മറ്റോ ചെയ്താൽ പുതിയ തൈ നടണമെന്നും ഉത്തരവിൽ പറയുന്നു. തൈ നട്ട ശേഷം ജീവിതകാലം മുഴുവൻ അതിനെ പരിപാലിക്കും എന്ന് പ്രതിജ്ഞ ചെയ്യുകയും വേണം. ഈ പദ്ധതി മനുഷ്യർക്ക് പ്രകൃതിയുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button