Thrissur

പൊതുറോഡുണ്ടാക്കാൻ 23 സെന്റ് സ്ഥലം സൗജന്യമായി നൽകി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ലക്ഷങ്ങൾ വിലമതിക്കുന്ന 23 സെന്റ് സ്ഥലം പൊതുറോഡുണ്ടാക്കാൻ സൗജന്യമായി നൽകി മാതൃകയാവുകയാണ് പുത്തൻചിറ പഞ്ചായത്തിലെ വെള്ളൂർ സ്വദേശികളായ രണ്ട് ചെറുപ്പക്കാർ. ചെമ്പനേഴത്ത് കമലാലയന്റെയും വട്ടപ്പറമ്പിൽ കുഞ്ഞുമുഹമ്മദിന്റെയും കനിവിൽ തെളിയുന്നത് ചെറിയ നടപ്പാത മാത്രമായിരുന്ന വെള്ളൂര്‍ – വിഷ്ണുമായ റോഡാണ്. കമലാലയന്‍ 16.5 സെന്റും കുഞ്ഞുമുഹമ്മദ്‌ 6.5 സെന്റുമാണ് പഞ്ചായത്തിന് വിട്ടു കൊടുത്തത്. ഓട്ടോ തൊഴിലാളിയായ കമലാലയന്‍ കൃഷിക്കാരൻ കൂടിയാണ്. കുഞ്ഞുമുഹമ്മദ് വെള്ളൂരില്‍ പലചരക്ക് കട നടത്തുന്നു.

പ്രദേശവാസികളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു വെള്ളൂര്‍ – വിഷ്ണുമായ റോഡ് വഴി പുതിയ റോഡ് എന്നത്. റോഡ് യാഥാർത്ഥ്യമായാൽ പ്രദേശവാസികള്‍ക്ക് എളുപ്പത്തില്‍ വെള്ളൂര്‍ സെന്‍ററിലേക്ക് എത്താന്‍ സാധിക്കും. ഇതിനായി വാര്‍ഡം‌ഗം സംഗീത അനീഷ്‌ മുൻകൈയെടുത്തപ്പോഴാണ് ഈ സദ്പ്രവൃത്തിക്കായി കമലാലയനും കുഞ്ഞുമുഹമ്മദും മുന്നോട്ട് വന്നത്. തുടർന്ന് റോഡിന്റെ നിര്‍മ്മാണത്തിനായി അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ 23.6 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതോടെ നടപടികൾ വേഗത്തിലായി. മൂന്നു മീറ്റര്‍ വീതിയിലും മുന്നൂറ് മീറ്റര്‍ നീളത്തിലുമാണ് പുതിയ റോഡ്‌ നിര്‍മ്മിക്കുന്നത്.

നിര്‍മ്മാണോദ്ഘാടനം അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ. നിര്‍വഹിച്ചു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗം സംഗീത അനീഷ്, ബീന സുധാകരന്‍, പി.ഐ. നിസാര്‍, ‌, കെ.വി. സുജിത്ത് ലാല്‍, ടി.എന്‍. വേണു, മഹേഷ്‌ മോഹനന്‍ എന്നിവര്‍
പങ്കെടുത്തു.

Related Articles

Back to top button