Thiruvananthapuram

ജലജീവൻ മിഷനിലൂടെ കാട്ടാക്കട മണ്ഡലത്തിൽ 28312 പുതിയ കുടിവെള്ള കണക്‌ഷനുകൾ.

“Manju”

ജ്യോതിനാഥ് കെ പി

കാട്ടാക്കട: ഗുണനിലവാരമുള്ള കുടിവെള്ളം എല്ലാ വീടുകളിലും പൈപ്പിലൂടെ എത്തിക്കുന്നതിനുള്ള പദ്ധതിയായ ജലജീവൻ മിഷന്റെ മണ്ഡലംതല ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ മലയിൻകീഴിൽ നിർവ്വഹിച്ചു. കാട്ടാക്കട നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എം.എൽ.എ അറിയിച്ചു.

ജലജീവൻ മിഷൻ കാട്ടാക്കട നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ രണ്ടു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കുടിവെള്ള കണക്ഷനുകൾ നൽകുന്നത് നിലവിലുള്ള ജലവിതരണ ശൃംഖലയിൽ നിന്നാണ്. ഈ പ്രവൃത്തിയിൽ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയോ പുതിയ ലൈനുകൾ സ്ഥാപിക്കുകയോ ചെയ്യില്ല. ജലവിതരണ കുഴലിന് സമീപമുള്ള വീടുകൾക്കാണ് ആദ്യഘട്ടത്തിൽ കണക്ഷൻ. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ നിലവിലുള്ള ശുദ്ധജല പദ്ധതികളിലെ ജലവിതരണ ശൃംഖലയിൽ നിന്നും പൈപ്പ് ലൈൻ നീട്ടാതെ കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തികരിച്ചിട്ടുണ്ട്. കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഒന്നാംഘട്ട കുടിവെള്ള വിതരണ കണക്ഷനുള്ള ടെൻഡർ പ്രകാരം കാട്ടാക്കട പഞ്ചായത്തിൽ 1000, മാറനല്ലൂർ പഞ്ചായത്തിൽ 500, മലയിൻകീഴ് പഞ്ചായത്തിൽ 400, പളളിച്ചൽ പഞ്ചായത്തിൽ 642, വിളവൂർക്കൽ പഞ്ചായത്തിൽ 100 ഉം കണക്ഷനുകളാണ് നൽകുന്നത്.

ജലജീവൻ മിഷൻ രണ്ടാം ഘട്ട പ്രവർത്തികളിലേക്കുള്ള ടെൻഡർ നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ കാലപ്പഴക്കം ചെന്ന എ.സി പൈപ്പുകൾ ഉൾപ്പെടെയുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുക, ആവശ്യമുള്ളതായ പ്രദേശങ്ങളിൽ പൈപ്പ് ലൈനുകൾ പുതുതായി നീട്ടി സ്ഥാപിക്കുക, ആവശ്യമുള്ള പമ്പ് ഹൗസുകളിൽ പമ്പുസെറ്റ് സ്ഥാപിക്കുക എന്നീ പ്രവൃത്തികൾ ഉൾപ്പെടുത്തി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകൾക്കും ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകും. രണ്ടാം ഘട്ടത്തിൽ കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാട്ടാക്കട പഞ്ചായത്തിൽ 4167, മാറനല്ലൂർ പഞ്ചായത്തിൽ 6424, മലയിൻകീഴ് പഞ്ചായത്തിൽ 6690, പളളിച്ചൽ പഞ്ചായത്തിൽ 3142, വിളവൂർക്കൽ പഞ്ചായത്തിൽ 1731, വിളപ്പിൽ പഞ്ചായത്തിൽ 3516 ഗാർഹിക കണക്ഷനുകളും ജലജീവൻ മിഷൻ വഴി നൽകും.

ജലജീവൻ മിഷന്റെ രണ്ട് ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ കാട്ടാക്കട നിയോജക മണ്ഡലം സമ്പൂർണ്ണ ഗാർഹിക ശുദ്ധജല വിതരണം നടത്തുന്ന മണ്ഡലമായി മാറുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. മലയിൻകീഴ് നടന്ന മണ്ഡലംതല ഉദ്ഘാടനത്തിൽ മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ, ജല വകുപ്പ് ഉദ്യോഗസ്ഥർ, സി.ഡി.എസ് ചെയർപേഴ്സൺ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button