Uncategorized

കോവിഡിന്റെ പേരിൽ കടകൾ അടപ്പിക്കാൻ പോലീസ്; തുറക്കുന്ന കടകളിൽ റെയ്ഡുമായി ജി. എസ്. റ്റി വകുപ്പ്

“Manju”

കോവിഡിന്റെ പേരിൽ കടകൾ അടപ്പിക്കാൻ പോലീസ്; തുറക്കുന്ന കടകളിൽ റെയ്ഡുമായി ജി. എസ്. റ്റി വകുപ്പ്;
ഭൂരിഭാഗം സ്ഥലങ്ങളും കണ്ടെയ്ന്മെന്റ് സോണുകളാക്കി കടകൾ മാത്രം പൂട്ടിയുള്ള കോവിഡ് പ്രതിരോധവുമായി ജില്ലാ ഭരണകൂടം;
വ്യാപാരികളെ ജീവിക്കാൻ അനുവദിക്കാതെ സർക്കാർ;
കടകളുടെ പേര് വച്ച ബോർഡുകൾക്ക് അധിക ചുങ്കം പിരിക്കാൻ ഗൂണ്ടാ മോഡൽ പ്രവർത്തന ശൈലിയുമായി സ്വകാര്യ കമ്പനിയെ മുൻ നിർത്തി നഗരസഭ:
പ്രത്യക്ഷ പ്രതിഷേധ സമരവുമായി വ്യാപാരികൾ

13ന് സെക്രട്ടറിയേറ്റ് നടയിൽ വ്യാപാരി നേതാക്കളുടെ “അതിജീവന ഉപവാസ സമരം”

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കടകൾ അടപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥർ പ്രത്യേക താൽപര്യത്തോടെ പ്രവർത്തിക്കുമ്പോൾ തുറന്ന് പ്രവർത്തിക്കുന്ന അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പെടെ റെയ്ഡുകൾ നടത്തി പൂട്ടിക്കുവാൻ ജി. എസ്. റ്റി. വകുപ്പ് രംഗത്തെത്തിയത് സംസ്ഥാനത്തെ ചെറുകിട വ്യാപാരികളോടുള്ള വെല്ലുവിളിയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. കമലാലയം സുകു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എസ്. എസ്. മനോജ്, ജില്ലാ ട്രഷറർ ശ്രീ നെട്ടയംമധു, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. പോത്തൻകോട് പുരുഷോത്തമൻ നായർ, ജില്ലാ സെക്രട്ടറി ശ്രീ. ഗുരുവായൂരപ്പൻ അനിൽകുമാർ എന്നിവർ പറഞ്ഞു. വ്യാപാരികളെ ജീവിക്കാൻ അനുവദിക്കില്ല എന്ന ഉറച്ച നിലപാടാണ് ഉദ്യോഗസ്ഥർ വച്ചു പുലർത്തുന്നത്. ഇതിന് സർക്കാരിന്റെ പിന്തുണയുണ്ട്. ഇന്നലെ വഞ്ചിയൂരിൽ ചായ കട നടത്തുന്ന വ്യാപാരിയെ അറസ്റ്റു ചെയ്തു സ്റ്റേഷനിൽ നിർത്തി. മണിക്കൂറുകൾ കഴിഞ്ഞാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. കടയുടെ മുന്നിലെ റോഡിൽ നിൽക്കുന്നവരെ പറഞ്ഞയക്കാൻ കച്ചവടക്കാർക്ക് കഴിയില്ല. സ്റ്റേഷൻ എസ്. എച്. ഒ. യുടെ നേതൃത്വത്തിൽ അവിടെ എത്തിയ വഞ്ചിയൂർ പോലീസ് കൂട്ടം കൂടിയവർക്കെതിരെ നടപടിയെടുക്കാതെ കച്ചവടക്കാനെ അറസ്റ്റു ചെയ്തു കൊടിയ കുറ്റവാളിയെ പോലെ സ്റ്റേഷനിൽ മണിക്കൂറുകൾ ഇരുത്തിയത് പ്രതിഷേധാർഹമാണ്. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ചില പോലീസ് ഉദ്യോഗസ്ഥർ കച്ചവടക്കാരെ ഹീനമായ പീഢനത്തിനിരയാക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് വഞ്ചിയൂർ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ജി. എസ്. ടി വകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ റെയ്ഡുകൾ തകൃതിയായി നടക്കുകയാണ്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന നയമാണ് നാശത്തിൽ നിന്നും നാശത്തിലേക്ക് നീങ്ങുന്ന ചെറുകിട വ്യാപാര മേഖലിയിൽ സർക്കാർ കൈകൊള്ളുന്നതെന്നും നേതാക്കൾ പറഞ്ഞു.
ജില്ലയിലെ ഭൂരിഭാഗം പ്രദേശവും കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ ഭരണകൂടവും വ്യാപാര സ്ഥാപനങ്ങൾ പൂട്ടിക്കുന്ന കാര്യത്തിൽ അവരുടെ പങ്കും ഉറപ്പാക്കിയിട്ടുണ്ട്. കടകളുടെ മുന്നിൽ (കെട്ടിടത്തിലോ സ്വകാര്യ സ്ഥലത്തോ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ) കടയുടെ പേരെഴുതിയ ബോർഡുകൾക്ക് അധിക ചുങ്കം പിരിക്കാൻ നഗരസഭയേൽപ്പിച്ച സ്വകാര്യ ഏജൻസിയുടെ ജീവനക്കാർ കടയുടമയെ ഭീഷണിപ്പെടുത്തി കാശു വസൂലാക്കാൻ ശ്രമിക്കുന്നത് അക്ഷരാർത്ഥത്തിൽ ഗുണ്ടായിസമാണ്. കാശടക്കുവാൻ കഴിയില്ലായെന്ന് പറയുന്നിടത്തു നിന്നും ബോർഡുകൾ നീക്കം ചെയ്യുവാൻ ശ്രമിക്കുമ്പോൾ സംഘർഷാവസ്ഥ സംജാതമാകുന്നു. വ്യാപാരികളെ ജീവിക്കാൻ അനുവദിക്കില്ലായെന്ന കാര്യത്തിൽ നഗരസഭയും വാശിയിലാണ്. നിരത്തുകൾ സജീവം. ഓഫീസുകളും, ബാങ്കുകളം പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ പോലും കടകൾ ബലമായി അടപ്പിക്കുന്നു. ജില്ലയിലുടെനീളം കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നതിന് ഏകീകൃത സമയം പ്രഖ്യാപിക്കണം. കോവിഡ് വ്യാപനം രൂക്ഷമായ മഹാനഗരങ്ങളിലെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ വിപണി സജീവമയിട്ടും വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ട് മാത്രമുള്ള കോവിഡ് പ്രതിരോധ രീതി ഇനിയും അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു. ഇതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2020 ഒക്ടോബർ 13ന് ജില്ലാ ഭാരവാഹികൾ സെക്രട്ടറിയേറ്റിനും മുന്നിൽ അതിജീവന ഉപവാസ സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

Related Articles

Back to top button