InternationalLatest

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്

“Manju”

റോം: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്. യുവന്റസുമായുള്ള ചര്‍ച്ചക്കായി ക്രിസ്റ്റ്യാനോയുടെ ഏജന്റ് യോര്‍ഗെ മെന്‍ഡസ് ടൂറിനിലെത്തിയതാണ് താരത്തിന്റെ ക്ലബ് മാറ്റം സംബന്ധിച്ച സൂചന ബലപ്പെടുത്തിയത്. സിറ്റിയില്‍ ചേക്കേറുന്ന കാര്യം യുവന്റസിലെ സഹതാരങ്ങളോട് ക്രിസ്റ്റ്യാനോ പറഞ്ഞതായും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിസ്റ്റ്യാനോയുടെ ശമ്പള ഇനത്തില്‍ വന്‍തുകയാണ് യുവന്റസ് ചെലവിടുന്നത്. താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് കൈമാറുന്നതിലൂടെ ആഴ്ചയില്‍ 500,000 പൗണ്ട്(അഞ്ച് കോടിയിലേറെ രൂപ) യുവന്റസിന് ലഭിക്കും. ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്റ്റ്യാനോയെ യുവന്റസിലേക്ക് എത്തിച്ചത്. ആ ലക്ഷ്യം സാധിക്കാത്തതിന് പുറമെ സീരി എ കിരീടവും യുവന്റസിന് നഷ്ടമായിരുന്നു.
സീരി എ കിരീടം വീണ്ടെടുക്കാന്‍ ക്രിസ്റ്റ്യാനോയുടെ സേവനം ആവശ്യമില്ലെന്നാണ് ക്ലബ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ 25 മില്യണ്‍ യൂറോ (219 കോടിയോളം രൂപ) നല്‍കാന്‍ സന്നദ്ധരായ ക്ലബിന് ക്രിസ്റ്റ്യാനോയെ കൈമാറാനാണ് യുവന്റസിന്റെ നീക്കം.സൂപ്പര്‍ താരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റി ഇത്രയും തുക ചെലവിടാന്‍ ഒരുക്കമാണെന്നാണ് വിവരം.

ഇറ്റാലിയന്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആദ്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ ക്രിസ്റ്റ്യാനോ അതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 36കാരനായ ക്രിസ്റ്റ്യാനോയുടെ യുവന്റസുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കും. നേരത്തെ പിഎസ്ജിയുമായി ബന്ധപ്പെട്ടും റൊണാള്‍ഡോയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടായില്ല. റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ വാരം റൊണാള്‍ഡോ നിഷേധിച്ചിരുന്നു.

Related Articles

Back to top button