കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: മികച്ച ഗായകനുളള പുരസ്കാരം വിജയ് യേശുദാസിന്
സിന്ധുമോൾ. ആർ
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച ഗായകനായി തിരഞ്ഞെടുത്ത് വിജയ് യേശുദാസിനെ. 2019ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് 40 ചിത്രങ്ങളാണ് ജൂറിയുടെ അന്തിമ പരിഗണനയില്‍ എത്തിയത്. ഇതില്‍ നിന്നുമാണ് മികച്ച ഗായകനായി വിജയ് യേശുദാസിനെ തിരഞ്ഞെടുത്തത്. പതിനെട്ടാം പടി, ശ്യാമരാഗം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചതിനാണ് പുരസ്കാരം.
ശ്യാമരാഗത്തിലെ ഗാനങ്ങള്‍ രചിച്ചതിന് റഫീക്ക് അഹമ്മദിനാണ് മികച്ച ഗാനരചയിതാവിനുളള പുരസ്കാരം ലഭിച്ചത്. മാര്‍ച്ച് രണ്ടാം വ്യാഴം എന്ന ചിത്രത്തിലെ ഗാനത്തിന് മഞ്ജരിയെ മികച്ച പിന്നണി ഗായികയായും തിരഞ്ഞെടുത്തു. മലയാളത്തില്‍ തമിഴ്, തെലുങ്ക് ഭാഷകളിലേത് പോലെ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും അതിനാല്‍ മലയാള ചിത്രങ്ങളില്‍ പാടുന്നത് അവസാനിപ്പിക്കുകയാണെന്നും കഴിഞ്ഞ ദിവസം വിജയ് യേശുദാസ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് താരത്തെ തേടി എത്തിയത്.