Thiruvananthapuram

കെ.എസ്.ആർ.ടി.സി. ബസുകളുടെ അന്തരീക്ഷത്തിലുള്ള ഭക്ഷണശാല- പരിചയപ്പെടുത്തുന്നത് കുടുംബശ്രീ

“Manju”

കെ.എസ്.ആർ.ടി.സി. ബസുകളിൽ ഇരുന്ന് ചട്ടിച്ചോറും വ്യത്യസ്തയിനം സാൻഡ്‌വിച്ചുകളും രുചിക്കാം. തലസ്ഥാന നഗരത്തിനെ പുതിയ അന്തരീക്ഷത്തിലുള്ള ഭക്ഷണശാല പരിചയപ്പെടുത്തുന്നത് ജില്ലാ കുടുംബശ്രീ മിഷനാണ്. കണ്ടം ചെയ്ത രണ്ട്‌ കെ.എസ്.ആർ.ടി.സി. ബസുകളാണ് നഗരത്തിലെ തിരക്കേറിയ രണ്ടിടങ്ങളിൽ ഭക്ഷണശാലകളാവുന്നത്.

പിങ്ക് കഫേ, കഫേ കുടുംബശ്രീ എന്നീ പേരുകളിലാണ് ഭക്ഷണശാലകൾ ആരംഭിക്കുന്നത്. തമ്പാനൂരിലും കിഴക്കേക്കോട്ടയിലുമാണ് ഇവയൊരുക്കിയിരിക്കുന്നത്. 10 പേർക്ക് ഒരേസമയം ഇരുന്നു കഴിക്കാവുന്നതരത്തിലാണ് ഇരിപ്പിടങ്ങളുടെ സജ്ജീകരണം. പലഹാരവും ഊണും ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഇവിടങ്ങളിൽ വിളമ്പുക. രാവിലെ ആറുമുതൽ രാത്രി 11 വരെയാണ് പ്രവർത്തനം. ഇരുന്ന് കഴിക്കുന്നതിനൊപ്പം പാഴ്‌സലായി ഭക്ഷണങ്ങൾ നൽകും.

കുടുംബശ്രീയുടെ കർഷകസംഘങ്ങളിൽനിന്നുള്ള പച്ചക്കറിയും കോഴി ഫാമുകളിൽനിന്നുള്ള മാംസവുമാണ് ഉപയോഗിക്കുക. ഓരോ ഭക്ഷണശാലകളിലും പത്തുപേർക്ക് വീതം തൊഴിൽ ലഭിക്കും. ജീവനക്കാർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ പരീശീലനവും നൽകും. നവംബർ ആദ്യവാരം പിങ്ക് കഫേയും രണ്ടാം വാരം കഫേ കുടുംബശ്രീയും ഉദ്ഘാടനം ചെയ്യും.

ഭക്ഷണശാലയാക്കി ഒരുക്കുന്നതിന് ഒരു ബസിന് ആറുലക്ഷം രൂപയാണ് ചെലവാക്കുന്നത്. അടുക്കള ഒരുക്കുന്നതിനായി 2.1 ലക്ഷം രൂപയാണ് ചെലവായത്. ഒാരോ ബസിനും ഒരുലക്ഷം രൂപ വീതം കുടുംബശ്രീ മുടക്കി. കൂടാതെ ഒരു ലക്ഷം നിക്ഷേപമായും നൽകും. മൂന്ന് വർഷത്തേക്ക് മാസം 20000 വീതമാണ് രൂപ കെ.എസ്.ആർ.ടി.സി.ക്കു നൽകുന്നത്.

ജില്ലാ കുടുംബശ്രീ മിഷന്റെ അംഗീകാരമുള്ള യുവശ്രീ സംഘത്തിനാണ് വഴിയോര ഭക്ഷണശാലകളുടെ നടത്തിപ്പ്. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഓരോ ഭക്ഷണശാലകളുടെയും ചുമതല കൈകാര്യം ചെയ്യുന്നത്.

Related Articles

Back to top button